പൊണ്ണത്തടിക്ക് ശസ്ത്രക്രിയ
ചെന്നൈ: പൊണ്ണത്തടി കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഇനി പേടിക്കണ്ട. പൊണ്ണത്തടി പാടെ മാറ്റുന്ന ശസ്ത്രക്രിയ ദക്ഷിണേന്ത്യയിലും നിലവില്‍ വന്നുകഴിഞ്ഞു.
ഇത്തരത്തിലൊരു ശസ്ത്രക്രിയ ചെന്നൈയിലെ റിജിഡ് ആശുപത്രിയില്‍ ഗാസ്ട്രോ എന്‍ട്രോളജി വിദഗ്ധന്‍ ഡോ. ജെ. എസ്. രാജ്കുമാറും സംഘവും നടത്തിക്കഴിഞ്ഞു. അമേരിക്കയില്‍ പഠിക്കുന്ന ചെന്നൈ സ്വദേശിനിയാണ് ഈ അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
23 വയസ്സുള്ള ഈ യുവതിക്ക് 115 കിലോ തൂക്കമുണ്ട്. അഞ്ചടി മൂന്നിഞ്ച് മാത്രമേ ഉയരമുള്ളൂ. ഈ ഉയരക്കാരായ യുവതികളുടെ ശരീരഭാരം 60 കിലോ വരെ മാത്രമേ ആകാവൂ. അമിതവണ്ണം ഉന്മേഷക്കുറവ്, പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ക്ക് കാരണമാകും. മറ്റുള്ളവരുടെ പരിഹാസവും കൂടിയായപ്പോഴാണ് ഈ യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
വയറിന്റെ ഗ്യാസ്ട്രിക്ക് ശേഷി കുറയ്ക്കുകയാണ് ശസ്ത്രക്രിയ വഴി ചെയ്യുന്നത്. സര്‍ജിക്കല്‍ സ്റ്റാപ്ളര്‍ ഗണ്‍ കൊണ്ട് വയറിന്റെ വിസ്തീര്‍ണ്ണം കുറയ്ക്കുന്നു. ഈ യുവതിയുടെ വയറിന്റെ വിസ്തീര്‍ണ്ണം 2000 സിസിയായിരുന്നു. ഇതില്‍ നിന്ന് ശസ്ത്രക്രിയ വഴി വെറും 50 മുതല്‍ 100 വരെ സിസിയിലേക്ക് കൊണ്ടുവന്നു. കുടല്‍ വെട്ടിചെറുതാക്കി വീണ്ടും വയറിനോടു ഘടിപ്പിച്ചതായും ഡോക്ടര്‍ പറഞ്ഞു.
വയറും കുടലും ചെറുതാകുന്നതോടെ വിശപ്പും കുറയും. കുറച്ചു ഭക്ഷണമേ കഴിക്കൂ. കുറച്ചു കൊഴുപ്പേ ദേഹം വലിച്ചെടുക്കൂ. ദേഹത്തിലെ കൂടുതല്‍ കൊഴുപ്പ് വാര്‍ന്നുപോകും.
ഇനി യുവതിയുടെ ശരീരഭാരം ശസ്ത്രക്രിയയ്ക്കു ശേഷം ഓരോ മാസവും നാലുകിലോ വീതം കുറയും. തൈറോയ്ഡ് പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഈ ശസ്ത്രക്രിയ ചേരില്ലെന്ന് ഡോ. രാജ്കുമാര്‍ പറഞ്ഞു. സാധരണക്കാരിലും ശസ്ത്രക്രിയ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. വയറിന്റെ പേശികള്‍ കൂട്ടിക്കെട്ടിയ ഇടത്തില്‍ ചോര്‍ച്ച സംഭവിക്കാം. രണ്ടു ദിവസം കാത്തിട്ടും ചോര്‍ച്ചയില്ലെങ്കില്‍ പേടിക്കാനില്ല.
വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ മൂലം അപായകരമായ രീതിയില്‍ മെലിഞ്ഞുപോകാം. മറുശസ്ത്രക്രിയ മാത്രമാണ് ഇതിനുള്ള പോംവഴി.












Click it and Unblock the Notifications