സമരം അവസാനിപ്പിക്കണമെന്ന് യുഡിഎഫ്
തിരുവനന്തപുരം : സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യുഡിഎഫ്. സമരം പിന്‍വലിക്കാന്‍ ജീവനക്കാരും അദ്ധ്യാപകരും തയ്യാറാകണമെന്നും ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സമരം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന പഴയ നിലപാടില്‍ യുഡിഎഫും ഉറച്ചു നില്‍ക്കുന്നതോടെ പരിഹാരം അനിശ്ചിതമായി നീളുമെന്നുറപ്പായി.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് യോഗം ആരംഭിച്ചത്. കെ.കരുണാകരനും യോഗത്തില്‍ പങ്കെടുത്തു. രണ്ടു മണിക്കൂറോളം യോഗത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം മടങ്ങിപ്പോയി. മുഖ്യമന്ത്രിയ്ക്കു പുറമെ മന്ത്രിമാര്‍, കെപിസിസി പ്രസിഡന്റ്, ഘടകകക്ഷി നേതാക്കള്‍, വയലാര്‍ രവി എന്നിവരും സംബന്ധിച്ചു.
വിവിധ ഘടകകക്ഷികളുടെ നിലപാടുകള്‍ യോഗത്തില്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗം മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിച്ചു. ആനുകൂല്യങ്ങള്‍ കുറയ്ക്കാനുളള തീരുമാനമെടുത്തത് യുഡിഎഫ് ആയതിനാല്‍ അതില്‍ മാറ്റം വരുത്തേണ്ടതും മുന്നണിയാണെന്ന നിലപാടിലാണ് സര്‍ക്കാര്‍.
രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനം ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന് ആന്റണി വ്യക്തമാക്കിയിരുന്നു. അതിനിടെ സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് കരുണാകരന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരമനുഷ്ഠിക്കുമെന്ന് അഭ്യൂഹമുണ്ട്.












Click it and Unblock the Notifications