ഷെയ്ക്കിന് ഇന്ത്യയിലെ ആക്രമണങ്ങളില്‍ പങ്ക്
ഇസ്ലാബാദ്: പാര്‍ലമെന്റിനും ജമ്മു കശ്മീര്‍ അസംബ്ലിക്കും കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്ററിനും നേരെ നടന്ന ആക്രമണങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന് ജയിഷ്-ഇ-മുഹമ്മദിന്റെ മുതിര്‍ന്ന നേതാവായ ഷെയ്ക്ക് ഒമര്‍ സയീദ് കുറ്റസമ്മതം നടത്തി.
യുഎസ് മാധ്യമ പ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രധാന കുറ്റവാളിയെന്ന് സംശയിക്കുന്ന ഷെയ്ക്ക് ഒമര്‍ സയീദ് ഇപ്പോള്‍ പാകിസ്ഥാന്‍ പൊലീസിന്റെ കസ്റഡിയിലാണ്. ഇന്ത്യയില്‍ നടന്ന ഈ മൂന്ന് സംഭവങ്ങളിലും തനിക്ക് പങ്കുണ്ടെന്ന് ഷെയ്ക്ക് കുറ്റസമ്മതം നടത്തിയതായി ഇംഗ്ലീഷ് ദിനപത്രമായ ദി ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്ഥാനെതിരെ ശക്തമായ നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യാ സര്‍ക്കാരിനെ പ്രേരിപ്പിക്കാനാണ് ഈ അക്രമങ്ങള്‍ നടത്തിയതെന്ന് ഷെയ്ക്ക് വെളിപ്പെടുത്തി. ജിഹാദ് നടത്തുന്ന തീവ്രവാദി സംഘടനകള്‍ക്കെതിരായ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ കര്‍ശന നിലപാടില്‍ അയവ് വരുത്താന്‍ ഇത് സഹായിക്കുമെന്നായിരുന്നു ഷെയ്ക്കിന്റെ കണക്കുകൂട്ടല്‍. എംപിമാരെ ബന്ദികളാക്കി കശ്മീരി തീവ്രവാദികളുടെ മോചനം ആവശ്യപ്പെടുക എന്നതായിരുന്നു പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്ന് ഷെയ്ക്ക് വെളിപ്പെടുത്തി. ഒസാമ ബിന്‍ ലാദനുമായും അഫ്താബ് അന്‍സാരിയുമായും ഷെയ്ക്കിന് അടുത്ത ബന്ധമുണ്ടത്രെ.
1999ല്‍ കാണ്ഡഹാറിലേക്ക് തീവ്രവാദികള്‍ തട്ടികൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാനായി ഇന്ത്യ വെറുതെ വിട്ട തീവ്രവാദി നേതാക്കളില്‍ ഒരാളാണ് ഷെയ്ക്ക്.
പാര്‍ലമെന്റ് ആക്രമണം നടത്തിയ തീവ്രവാദികളുടെ പേരുകള്‍ വെളിപ്പെടുത്താമെന്ന് ഷെയ്ക്ക് സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications