അവസാനഘട്ടം കനത്ത വോട്ടെടുപ്പും അക്രമവും
ദില്ലി : നാലു സംസ്ഥാനങ്ങളിലേയ്ക്കുളള അവസാനഘട്ട നിയമസഭാ പോളിംഗില്‍ കനത്ത പോളിംഗും അക്രമവും.
മണിപ്പൂരില്‍ 80 ശതമാനവും യുപിയില്‍ 55 ശതമാനവും പേര്‍ വോട്ടവകാശം വിനിയോഗിച്ചു. അക്രമങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ജയലളിത മത്സരിക്കുന്ന ആണ്ടിപ്പെട്ടിയില്‍ 65 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി.
മണിപ്പൂരിലാണ് വ്യാപകമായ അക്രമം നടന്നത്. തീവ്രവാദികളുടെ ആക്രമണത്തില്‍ നാലു പൊലീസുകാരുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. ബുത്ത് പിടിത്തം വ്യാപകമായി നടന്നു. ചിലയിടങ്ങളില്‍ ബൂത്ത് കത്തിക്കലും അരങ്ങേറി. യുപിയില്‍ വെടിവെപ്പില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.
മണിപ്പൂരില്‍ അഞ്ച് മലയോര ജില്ലകളിലെ 20 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒട്ടേറെ കേന്ദ്രങ്ങളില്‍ റീപോളിംഗിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ കൃത്യമായ എണ്ണം അറിവായിട്ടില്ല.
ബുധനാഴ്ച രാത്രി തീവ്രവാദികള്‍ നടത്തിയ സ്ഥോടനങ്ങളിലാണ് 10 പേര്‍ കൊല്ലപ്പെട്ടത്. ആസാം റൈഫിള്‍സിലെ ഒരു ക്യാപ്റ്റനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഉഖ്രുള്‍, സേനാപ്പെട്ടി ജില്ലകളില്‍ സമാധാനപരമായ വോട്ടെടുപ്പാണ് നടന്നത്. ഇത് അപ്രതീക്ഷിതമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നവരെ ആക്രമിക്കുമെന്ന് നാഗാ തീവ്രവാദികള്‍ ഭീഷണി മുഴക്കിയിരുന്നു.
യുപിയില്‍ ഒറ്റപ്പെട്ട അക്രമം
യുപിയില്‍ ഒറ്റപ്പെട്ട അക്രമങ്ങളാണ് നടന്നത്. ബിഎസ്പി- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടല്‍ നടന്നു. ഒരു ബിജെപി പ്രവര്‍ത്തകന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
2333 സ്ഥാനാര്‍ത്ഥികളാണ് യുപിയില്‍ ജനവിധി നേടിയത്. മുഖ്യമന്ത്രി രാജ്നാഥ് സിംഗ്, ബിഎസ്പി നേതാവ് മായാവതി, രാം നരേഷ് യാദവ് എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ക്രിമിനല്‍ പശ്ചാത്തലമുളള സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചയിടങ്ങളിലും നക്സല്‍ സ്വാധീന പ്രദേശങ്ങളിലുമാണ് അക്രമം നടന്നത്.
ആണ്ടിപ്പെട്ടിയില്‍
അണ്ണാ ഡിഎംകെ നേതാവ് ജയലളിത മത്സരിക്കുന്ന ആണ്ടിപ്പെട്ടിയില്‍ പോളിംഗ് സമാധനപരമായിരുന്നു. രണ്ടു ലക്ഷത്തിലേറെ വോട്ടര്‍മാര്‍ വോട്ടവകാശം രേഖപ്പെടുത്തി. രാജഗോപാലപ്പെട്ടിയില്‍ വോട്ടിംഗ് യന്ത്രത്തിനു കേടുവന്നതിനെത്തുടര്‍ന്ന് ആദ്യം വോട്ടു ചെയ്ത 71 പേര്‍ക്ക് വീണ്ടും വോട്ട് രേഖപ്പെടുത്തേണ്ടി വന്നു.
കനകപുരയില്‍
മുന്‍പ്രധാനമന്ത്രി ദേവഗൗഡ മത്സരിക്കുന്ന കനകപുരയിലും വോട്ടിംഗ് സമാധാനപരമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുളള സംഘട്ടനത്തില്‍ ഒരു ജനതാദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.
മണിപ്പൂരിനും ഉത്തര്‍ പ്രദേശിനും പുറമേ പഞ്ചാബ്, ഉത്തരാഞ്ചല്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നേരത്തെ പൂര്‍ത്തിയായിരുന്നു.
ഞായറാഴ്ചയാണ് വോട്ടെണ്ണല്‍












Click it and Unblock the Notifications