വെളളം നല്‍കുന്നില്ല : കേരളത്തിനു 40 കോടി നഷ്ടം
കോഴിക്കോട് : തമിഴ്നാട് വെളളം നിഷേധിച്ചതു മൂലം കേരളത്തിന് 40 കോടിയുടെ വൈദ്യുതി നഷ്ടം ഉണ്ടായതായി ആരോപണം.
ഫിബ്രവരി ഒന്നിനു മുമ്പ് ലഭിക്കേണ്ട മൂന്നു ടിഎംസി (തൗസന്റ് മെട്രിക്ക് ക്യുബിക്ക് ഫീറ്റ്) വെളളം തമിഴ്നാട് നിഷേധിച്ചതായി കെഎസ്ഇബി ആരോപിക്കുന്നു. 40 കോടി രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പര്യാപ്തമാണ് ഈ വെളളം.
1970ല്‍ കേരളവുമായി ഉണ്ടാക്കിയ പറമ്പിക്കുളം-അളിയാര്‍ കരാര്‍ തമിഴ്നാട് ലംഘിച്ചെന്നാണ് കെഎസ്ഇബി ആരോപിക്കുന്നത്. ഈ കരാര്‍ പ്രകാരം ഷോളയാര്‍ പദ്ധതിയിലേയ്ക്ക് തമിഴ്നാട് ഒരു വര്‍ഷം നല്‍കേണ്ട വെളളം 12.3 ടിഎംസിയാണ്. ഇതനുസരിച്ച് ഫിബ്രവരി ഒന്നിനു മുമ്പ് ഷോളയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 2663 അടിയാകണം. പിന്നെ ജൂണ്‍ വരെ വെളളം നല്‍കണമെന്നില്ല. ജൂലൈ ഒന്നു മുതല്‍ ജനവരി 31 വരെയുളള ദിവസങ്ങളില്‍ നിശ്ചിത അളവ് വെളളം വിട്ടുകൊടുക്കുകയും ചെയ്യണം.
ജലക്ഷാമം കൂടുതലുളള മാര്‍ച്ച് മുതല്‍ മെയ് വരെ മാസങ്ങളില്‍ വൈദ്യുതോല്‍പാദനം നടത്തുന്നതിനാണ് ഈ വെളളം ഉപയോഗിക്കുന്നത്. ഉപയോഗിച്ച വെളളം ചാലക്കുടി പുഴയിലേയ്ക്ക് തുറന്നു വിടും.
ഫിബ്രവരി ഒന്നിന് ഡാമിലെ ജലനിരപ്പ് 2,628 അടിയായിരുന്നു. മൊത്തം ജലശേഖരം എതാണ്ട് 2.67 ടിഎംസി. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 2,650 ഉം 4.23ഉം ആയിരുന്നു. അന്ന് ആകെ ലഭിച്ചത് 11.92 ടിഎംസി വെളളമായിരുന്നു.
കഴിഞ്ഞ ജനവരി ഒന്നിലെ കണക്കനുസരിച്ച് കേരളം ഈ വര്‍ഷം ആകെ ഉപയോഗിച്ചത് 6.713 ടിഎംസി വെളളമാണ്. അണക്കെട്ടില്‍ നിലവിലുളള വെളളം കൂടിയാകുമ്പോള്‍ അത് 9.383 ടിഎംസിയാകും. തരാനുളളത് 12.3 ടിഎംസിയും. അതായത് ഇനിയും മൂന്ന് ടിഎംസി വെളളം കരാര്‍ പ്രകാരം തമിഴ്നാട് കേരളത്തിന് നല്‍കാനുണ്ട്. ഇത് തരാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ ഡാമിലുളള വെളളം കൊണ്ട് മാര്‍ച്ച് വരെയുളള വൈദ്യുതിയേ ഉല്‍പാദിപ്പിക്കാനാവൂ. അതോടെ ഡാമും ചാലക്കുടി പുഴയും വറ്റും. ഷോളയാറിലും പെരിങ്ങല്‍ക്കുത്തിലും വൈദ്യുതി ഉല്‍പാദനം കഴിഞ്ഞ് തുറന്നു വിടുന്ന വെളളമാണ് ചാലക്കുടി ബേസിനില്‍ ജലസേചനത്തിനും കുടിവെളളമായും ഉപയോഗിക്കുന്നത്. ഡാം വറ്റിയാല്‍ ചാലക്കുടി പുഴയുടെ തീരത്തെ ജനജീവിതം ദുസഹമാകും.
സംസ്ഥാനാന്തര നദീജല തര്‍ക്ക ട്രൈബൂണില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ജലസേചന വകുപ്പിന്റെ കഴിവു കേടു കൊണ്ടാണ് തമിഴ്നാട് നിര്‍ബാധം കരാര്‍ ലംഘനം നടത്തുന്നതെന്നും കെഎസ്ഇബി ആരോപിക്കുന്നു.












Click it and Unblock the Notifications