മന്ത്രിസഭ: യുപിയില്‍ അനിശ്ചിതത്വം
ദില്ലി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയെന്ന് വ്യക്തമാക്കുന്ന ഉത്തര്‍പ്രദേശില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത തെളിഞ്ഞു. ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള നീക്കത്തിലാണ് ബിജെപിയെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
146 സീറ്റുകളോടെ സമാജ്വാദി പാര്‍ട്ടിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയതെങ്കിലും ഭരിക്കാനുള്ള കേവലഭൂരിപക്ഷം അവര്‍ക്ക് വളരെ അകലെയാണ്. ബിഎസ്പിയുടെ 108ഉം ബിഎസ്പിയുടെ 99ഉം ചേര്‍ന്നാല്‍ ഭരിക്കാനുള്ള കേവലഭൂരിപക്ഷമായ 202ന് മുകളിലായി. മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കിയാലും മുലായം സിംഗ് യാദവിന് ഭരിക്കാനാവില്ല.
അതേ സമയം ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ പാര്‍ട്ടി എന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കുമെന്നാണ് മുലായം പറയുന്നത്. തങ്ങള്‍ അവകാശവാദം ഉന്നയിച്ചില്ലെങ്കില്‍ ബിഎസ്പിയുമായി ചേര്‍ന്ന് ബിജെപി ഹീനമായ രാഷ്ട്രീയക്കളി കളിക്കുമെന്നതിനാല്‍ അത് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുലായം വ്യക്തമാക്കുന്നു.
മുലായം അധികാരത്തിലെത്താതിരിക്കാന്‍ മായാവതി തങ്ങളെ സമീപിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. മായാവതി മുന്‍കൈയെടുക്കട്ടെ എന്ന നിലപാടിലാണ് ബിജെപി.
അതേ സമയം യുപിയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഗവര്‍ണറുടെ നിലപാട് സുപ്രധാനമാവും. ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ കക്ഷി എന്ന നിലയില്‍ എസ്പിയെയാണ് ഗവര്‍ണര്‍ മന്ത്രിസഭാ രൂപീകരണത്തിന് ആദ്യം ക്ഷണിക്കേണ്ടത്. എന്നാല്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നവരെ ആദ്യം ക്ഷണിക്കണമെന്ന സമ്മര്‍ദം ഗവര്‍ണറുടെ മേല്‍ ബിജെപി ഉയര്‍ത്തിയേക്കും.












Click it and Unblock the Notifications