കുരിശാകുന്ന സ്വാഗത കമാനങ്ങള്‍
തിരുവനന്തപുരം : പണക്കൊഴുപ്പിന്റെ ആഡംബരം വിളിച്ചോതുന്ന സ്വാഗത കമാനങ്ങള്‍ വാഹനയാത്രക്കാര്‍ക്കും വഴിപോക്കര്‍ക്കും കുരിശാകുന്നു. സമ്മേളനങ്ങളും ഉത്സവങ്ങളും പൊടിപൊടിക്കുമ്പോള്‍ കവലകളില്‍ കമാനങ്ങള്‍ കെട്ടിപ്പൊക്കിയില്ലെങ്കില്‍ സംഘാടകരുടെ അന്തസ് ഇടിഞ്ഞുപോകും. എന്നാല്‍ ഇവ ഇരുചക്ര യാത്രക്കാരുടെ ജീവനെടുക്കാത്തത് അവരുടെയും വീട്ടുകാരുടെയും ഭാഗ്യം കൊണ്ടാകാം.
തലസ്ഥാനത്തെ തിരക്കേറിയ കവലകളിലെല്ലാം ഇത്തരം കമാനങ്ങളും ആര്‍ച്ചുകളും സ്ഥിരം കാഴ്ചയാണ്. പിഎംജിയില്‍, ഓവര്‍ബ്രിഡ്ജില്‍, കിഴക്കേക്കോട്ട- മണക്കാട് റോഡില്‍, പഴവങ്ങാടിയില്‍ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം ഉയരുന്ന കമാനങ്ങള്‍
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഒരു സ്വകാര്യ സ്ഥാപനം കെട്ടിപ്പൊക്കിയിരിക്കുന്ന പടുകൂറ്റന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കാണാന്‍ നല്ല ചേലാണ്. പക്ഷേ, റോഡിലേയ്ക്കുളള കാഴ്ചയും മറച്ച് പാര്‍ക്കിംഗ് സൗകര്യവും നിഷേധിച്ചു കൊണ്ടാണ് അവന്‍ നിവര്‍ന്നു നില്‍ക്കുന്നതെന്നു മാത്രം. സ്വകാര്യ ജൂവലറിയുടെ ഈ ലീലാ വിലാസം പൊലീസ് എയിഡ് പോസ്റിനോടു ചേര്‍ന്നാണ്.
കിഴക്കേക്കോട്ടയില്‍ തന്നെ കണ്ണു പതിയുന്നിടമൊക്കെയും സ്വാഗതപ്രളയമാണ്. ബിഎംഎസ് ദേശീയ സമ്മേളന പ്രതിനിധികള്‍ക്ക് സ്വാഗതം, ശ്രീ ശ്രീ രവിശങ്കറിനു സ്വാഗതം, പിന്നെ പൊങ്കാലയിടാന്‍ വരുന്ന ഭക്തലക്ഷങ്ങള്‍ക്ക് സ്വാഗതാശംസകള്‍ വേറെ.
റോഡില്‍ വന്‍തൂണുകള്‍ കുഴിച്ചു നിര്‍ത്തിയാണ് കമാനങ്ങള്‍ കെട്ടുന്നത്. ഒരു വശത്തു മാത്രം നാലു തൂണുകള്‍ നാട്ടും. ഇരുചക്ര വാഹനങ്ങളും കാല്‍നടക്കാരും സാധാരണ ഉപയോഗിക്കുന്ന ഈ സ്ഥലത്ത് ഇരുവശത്തുമായി എട്ടു തൂണുകള്‍ കുഴിച്ചു നിര്‍ത്തുമ്പോഴുളള അവസ്ഥ ഊഹിക്കാവുന്നതേയുളളൂ. തിരുവനന്തപുരം പോലെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഒരു നഗരത്തില്‍ കുറേപ്പേരുടെ സ്വാഗത പ്രേമം സൃഷ്ടിക്കുന്നത് ചില്ലറപ്പൊല്ലാപ്പല്ലെന്ന് സാരം.
വിദേശികള്‍ക്കടക്കം സൂചന നല്‍കാനായി ട്രാഫിക് പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ പലതും സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യബോര്‍ഡു മൂലം മറഞ്ഞിരിക്കുകയാണ്. കോവളം, എയര്‍പോര്‍ട്ട്, പത്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, ചാല ബസാര്‍ എന്നിവിടങ്ങളിലേയ്ക്കുളള ദൂരവും ദിശയും സൂചിപ്പിക്കുന്ന ബോര്‍ഡ് ഓവര്‍ ബ്രിഡ്ജില്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യകമാനം ഈ സ്ഥലത്ത് റോഡിനു കുറുകേ സ്ഥാപിച്ചു.
ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ നിന്നും കോട്ടയിലേയ്ക്ക് കടക്കുന്ന ഇടുങ്ങിയ റോഡിലും പടുകൂറ്റന്‍ ആര്‍ച്ച് സ്ഥാപിച്ചിട്ടുണ്ട്. വഴിയാത്രക്കാരും വാഹനങ്ങളും ഞെരുങ്ങിയാണ് ഈ കോട്ടവാതില്‍ വഴി കടന്നുപോകുന്നത്. അതിനിടയില്‍ കമാനത്തിന്റെ വരവു കൂടിയായപ്പോള്‍ സംഗതി ജോറായി.
ടാര്‍ കുത്തിക്കുഴിച്ചാണ് പലേടത്തും സ്വാഗതമോതുന്നത്. ട്രാന്‍സ്പോര്‍ട്ട് ഭവനിനു സമീപം പുതുതായി ടാര്‍ ചെയ്ത റോഡാണ് കുത്തിക്കുഴിച്ചിരിക്കുന്നത്. രണ്ടു മാസത്തിനകം ഇനി ടാറിംഗ് അസാദ്ധ്യമായതിനാല്‍ വരുന്ന മഴക്കാലം റോഡില്‍ വന്‍കുളങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പായി. നഗരത്തിലെ മിക്ക അമ്പലങ്ങളും റോഡിനിരുവശങ്ങളിലുമായതിനാല്‍ ആഘോഷം പൊടിപൊടിക്കുമ്പോള്‍ റോഡിന് ആഘാതമേല്‍ക്കുന്നത് സ്വാഭാവികം.
പൊതുമരാമത്തു വകുപ്പിന്റെ അനുമതി വാങ്ങിയാണ് കമാനങ്ങള്‍ കെട്ടുന്നത്. അതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നാണ് ട്രാഫിക് പൊലീസിന്റെ നിലപാട്. ഇവ സ്ഥിരം സംവിധാനങ്ങളല്ലെന്നും ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ സംഘാടകര്‍ തന്നെ പൊളിച്ചു മാറ്റുമെന്നും പൊലീസുകാര്‍ ആശ്വസിക്കുന്നു. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞും ഇവ പൊളിച്ചില്ലെങ്കില്‍ തങ്ങള്‍ നടപടിയെടുക്കുമെന്നും അവര്‍ പറയുന്നു. പിഎംജിയിലെ ശ്രീശ്രീ സ്വാഗതവും മ്യൂസിയം ജംഗ്ഷനിലെ മോട്ടോര്‍ ഷോയോടനുബന്ധിച്ച് കെട്ടിയ കൂറ്റന്‍ കമാനവും പരിപാടി കഴിഞ്ഞിട്ടും പൊളിക്കപ്പെടാനുളള ഭാഗ്യം കിട്ടാത്തവയാണ്.
വരുന്നവര്‍ക്ക് സ്വാഗതമോതാന്‍ പോകുന്നവരുടെ യാത്ര മുടക്കുന്ന പ്രതിഭാസം. വര്‍ണപ്പൊലിമയുളള കെട്ടുകാഴ്ചകള്‍ വഴിയാത്ര മുടക്കുമ്പോള്‍ തടയാന്‍ ചുമതലപ്പെട്ട പൊലീസ് കാഴ്ചക്കാരാകുന്നു.












Click it and Unblock the Notifications