ബാലയോഗി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
ദില്ലി: ലോക്സഭാ സ്പീക്കര്‍ ജി. എം. സി. ബാലയോഗി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ഭിമാവരത്തു നിന്നും വരികയായിരുന്ന സ്വകാര്യ ഹെലികോപ്റ്റര്‍ കൃഷ്ണ ജില്ലയിലെ കൈകളൂറിനടുത്തുള്ള ഒരു മത്സ്യക്കുളത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു.
ഭിമാവരത്തു നിന്നും ഹൈദരാബാദിലേക്ക് പോവാനായി മാര്‍ച്ച് മൂന്ന് ഞായറാഴ്ച രാവിലെ 7.45 ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ സാങ്കേതിക തകറാറ് മൂലമാണ് താഴേക്ക് പതിച്ചത്. പറന്നുയര്‍ന്ന് അഞ്ച് മിനുട്ടിനു ശേഷം തന്നെ ഹെലികോപ്റ്റര്‍ തകറാറിലായി.
ഹെലികോപ്റ്ററിന്റെ പൈലറ്റും ബാലയോഗിയുടെ പേഴ്സണല്‍ സെക്രട്ടറി കെ. എസ്. രാജുവും അപകടത്തില്‍ മരിച്ചു.
നിഡഡവോളുവില് നിന്ന് ശനിയാഴ്ച രാത്രി തീവണ്ടിയില്‍ ഹൈദരാബാദിലേക്ക് തിരിക്കാനായിരുന്നു നേരത്തെ ബാലയോഗിയുടെ പരിപാടി. നേരത്തെ തീരുമാനിച്ചത് അനുസരിച്ച് ഞായറാഴ്ച രാവിലെ ബാലയോഗി സെക്കന്തരാബാദിലെത്തേണ്ടതായിരുന്നു. പക്ഷേ ശനിയാഴ്ചത്തെ തിരക്കുകള്‍ കാരണം അദ്ദേഹത്തിന് അതുകഴിഞ്ഞില്ല.
എലുരു പട്ടണത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മറ്റു ചില മന്ത്രിമാരും ആശുപത്രിയിലെത്തി.
അന്ത്യദര്‍ശനത്തിന് വെച്ച ശേഷം കിഴക്കന്‍ ഗോദാവരി ജില്ലയിലെ മുമ്മാദിവാരത്ത് മൃതദേഹം സംസ്കരിക്കും.