തലശേരിയില്‍ പ്രവാസി ആശുപത്രി
തലശേരി: വിദേശമലയാളികളുടെ സഹായത്തോടെ തലശേരിയില്‍ അത്യാധുനികസംവിധാനങ്ങളോടുകൂടിയ ആശുപത്രി സ്ഥാപിക്കുന്നു. വിദേശമലയാളികളില്‍ നിന്നും ഓഹരി പിരിച്ചുകൊണ്ടായിരിക്കും ആശുപത്രി പണിയുക. തലശേരി സഹകരണമെഡിക്കല്‍ ഫൗണ്ടേഷനാണ് ആശുപത്രി നിര്‍മ്മിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തലശേരിയുടെ ഹൃദയഭാഗത്തായിട്ടായിരിക്കും ആശുപത്രി ഉയരുക. തലശേരി സഹകരണമെഡിക്കല്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഈ മാസം ഗള്‍ഫില്‍ പര്യടനം നടത്തുന്നതോടെ ആശുപത്രിയുടെ നിര്‍മ്മാണം തുടങ്ങുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഇ. നാരായണന്‍ പറഞ്ഞു.
ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി സെന്റര്‍, മൈക്രോ വാസ്കുലര്‍ സര്‍ജറി സെന്റര്‍, ഗ്യാസ്ട്രോ എന്‍റോളജി സെന്റര്‍, ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍, ആയുര്‍വേദചികിത്സാകേന്ദ്രം എന്നിവയും സ്ഥാപിക്കും. അത്യാസന്നനിലയിലുള്ള രോഗികളെ എയര്‍ലിഫ്റ്റ് ചെയ്ത് അടിയന്തര ശസ്ത്രക്രിയാ തിയറ്ററില്‍ എത്തിക്കാനുള്ള സംവിധാനങ്ങളുണ്ടായിരിക്കും.
എ.കെ. മൂസ മാസ്റര്‍(ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍, അബുദാബി), ജനാര്‍ദ്ദനന്‍(ദുബായ്), ശങ്കര്‍(ഖത്തര്‍), സി.പി. ഉമ്മര്‍(സൗദി), എന്‍. ഗോവിന്ദന്‍(ബഹറിന്‍), ജാബിര്‍ മാളിയേക്കല്‍(ഒമാന്‍), ചന്ദ്രമോഹന്‍(കുവൈറ്റ്) എന്നിവരാണ് ഈ പദ്ധതിയ്ക്ക് പിന്നിലുള്ള വിദേശപ്രതിനിധികള്‍.












Click it and Unblock the Notifications