വീറിന് കുറവില്ല : വിട്ടുവീഴ്ചയ്ക്ക് തയ്യാറുമല്ല
തിരുവനന്തുപരം : ഒട്ടും കുറയാത്ത വീറോടെ സമരം 28-ാം ദിവസത്തിലേയ്ക്ക്. ആനുകൂല്യങ്ങള്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ആരും ചര്‍ച്ചയ്ക്ക് വരേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചതോടെ ഒത്തുതീര്‍പ്പ് ഇനിയും നീളുമെന്ന് ഉറപ്പായി. ഒരിഞ്ചും വിട്ടു കൊടുക്കാതെ സമരക്കാരും മുന്നോട്ടു തന്നെയാണ്.
പൊതു പണിമുടക്കിനെ തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് എംഎല്‍എമാരും വരും ദിനങ്ങളില്‍ നേതൃത്വം നല്‍കും.
നിയമസഭയുടെ ശ്രദ്ധ കവരാനുളള നടപടികളാണ് സമരക്കാര്‍ 27-ാം ദിവസം ആസൂത്രണം ചെയ്തത്. തീവ്രമായ സമരമുറകളോടെ യുദ്ധമുഖത്ത് അണിനിരന്നത് ഭരണാനുകൂല സംഘടനകള്‍. രാവിലെ പ്രസ് ക്ലബ് പരിസരത്തു നിന്നും ആരംഭിച്ച സെറ്റോ നിയമസഭാ മാര്‍ച്ച് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാക്കി.
മസ്കറ്റ് ഹോട്ടലിനു സമീപം വച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പു നടത്തി. കല്ലും കുറുവടിയുമായി പൊലീസിനെ ആക്രമിക്കാനും സമരക്കാര്‍ മുതിര്‍ന്നു. പൊലീസുകാര്‍ സംയമനം പാലിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. സമരം അവസാനിപ്പിച്ച ശേഷം സെറ്റോ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് വാക്കേറ്റം നടത്തി.
എസ്മ പ്രകാരം സംസ്ഥാനത്ത് 11 പേരെ അറസ്റു ചെയ്തിട്ടുണ്ട്. മറ്റു വകുപ്പുകളുപയോഗിച്ച് 29 പേരെയും അറസ്റു ചെയ്തു. സമരം ഒത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട് ശിവസേന സെക്രട്ടേറിയേറ്റ് നടയില്‍ സര്‍വവിഘ്ന നിവാരണ യജ്ഞം നടത്തി.
എറണാകുളത്ത് സമരക്കാര്‍ രാവിലെ കളക്ടറേറ്റ് ഉപരോധിച്ചു. അതിരാവിലെ കളക്ടറേറ്റിലെത്തിയ ആയിരക്കണക്കിന് ജീവനക്കാരാണ് ഉപരോധത്തില്‍ പങ്കെടുത്തത്. കളക്ടറുള്‍പ്പെടെ ആര്‍ക്കും ജോലിയ്ക്ക് പ്രവേശിക്കാനായില്ല. പൊലീസ് സമരക്കാരെ അറസ്റു ചെയ്തു നീക്കി.
ഘടകകക്ഷികളുടെ സര്‍വീസ് സംഘടനകള്‍ സമരത്തില്‍ നിന്നും പിന്മാറിയെന്ന് അറിയിച്ചിട്ടും ഹാജര്‍ നിലയില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. സര്‍ക്കാര്‍ കണക്കനുസരിച്ച് 20.4 ശതമാനം പേരാണ് ജോലിക്കെത്തുന്നത്. എന്നാല്‍ അദ്ധ്യാപകരുടെ ഹാജര്‍ നില ചെറിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.












Click it and Unblock the Notifications