കരകൗശല കയറ്റുമതിയില്‍ കേരളം പിന്നില്‍
കൊച്ചി : കരകൗശല കയറ്റുമതിയില്‍ കേരളം ഇനിയും മുന്നേറാനുണ്ടെന്ന് കരകൗശല കയറ്റുമതി വികസന കൗണ്‍സില്‍ ചെയര്‍മാന്‍ സത്യപാല്‍. മനോഹരമായ കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ കഴിവുളളവരും അടിസ്ഥാന സൗകര്യവും കേരളത്തിനുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ കഴിവിനനുസരിച്ച് ശ്രദ്ധ നേടാന്‍ സംസ്ഥാനം ഇനിയും പരിശ്രമിക്കണം.
കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ കരകൗശല കയറ്റുമതിയെക്കുറിച്ചുളള ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയറ്റുമതി വികസന കൗണ്‍സിലില്‍ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം തന്നെ വളരെ കുറവാണ്. കൗണ്‍സിലില്‍ ആകെ 6,400 പേരാണ് രജിസ്റര്‍ ചെയ്തിട്ടുളളത്. ദക്ഷിണേന്ത്യയില്‍ നിന്നും 500 പേരുളളതില്‍ കേരളത്തില്‍ നിന്നുളളത് വെറും 50 പേരാണ്. - സത്യപാല്‍ ചൂണ്ടിക്കാട്ടി.
ശരിയായ വിപണനം നടത്താത്തതാണ് ഈ രംഗത്ത് കേരളം നേരിടുന്ന പ്രശ്നങ്ങള്‍ക്കു കാരണമെന്ന് അദ്ദേഹം പറഞ്ഞു. യന്ത്രവല്‍ക്കരണത്തിന്റെ അഭാവം, മാറുന്ന ആധുനിക ഡിസൈനുകളെക്കുറിച്ചുളള അറിവില്ലായ്മ, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ അലംഭാവം എന്നിവയും കേരളം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കാരണമാണ്.
കേരളത്തിന്റെ പരിമിതികള്‍ പരിഹരിക്കും വിധം മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കൗണ്‍സില്‍ ശ്രമിക്കുമെന്ന് സത്യപാല്‍ ഉറപ്പു നല്‍കി. കയറ്റുമതി രംഗത്തുളള പ്രാദേശിക അസന്തുലനം അവസാനിപ്പിക്കും. കേരളത്തിനു യോജിക്കുന്ന തരത്തില്‍ കയറ്റുമതി തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനും കൗണ്‍സില്‍ സഹായിക്കും. സംസ്ഥാനത്തെ ലോക കരകൗശല ഭൂപടത്തില്‍ സ്ഥാനം നേടാന്‍ പര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യം.
യുഎന്‍ഡിപി-വുഡ് പ്രോജക്ടിന്റെ കീഴില്‍ കയറ്റുമതി വികസനത്തിനുളള നടപടികള്‍ ഇപ്പോള്‍തന്നെ തുടങ്ങിക്കഴിഞ്ഞതായി സത്യപാല്‍ വെളിപ്പെടുത്തി.
തടി കൊണ്ടുളള കരകൗശല വസ്തുക്കളുടെ കയറ്റുമതിയ്ക്ക് അന്താരാഷ്ട്ര വിപണന സെല്‍, ഇന്ത്യയുടെ ശില്‍പ പാരമ്പര്യം വിശദമാക്കുന്ന സിഡികള്‍ തയ്യാറാക്കുക എന്നിങ്ങിനെയുളള പദ്ധതികളും തങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈവിദ്ധ്യങ്ങളായ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുന്ന എന്ന വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. ഈ രംഗത്തുളള പ്രാദേശിക സൈറ്റുകളെ ഇതുമായി ലിങ്ക് ചെയ്യാവുന്നതാണ്.
ഇന്ത്യയുടെ കരകൗശല രംഗം സമഗ്രമായി പ്രതിപാദിപ്പിക്കുന്ന ക്രാഫ്റ്റ്സില്‍ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം തുടങ്ങാനും പദ്ധതിയുണ്ട്.












Click it and Unblock the Notifications