വാജ്പേയി ശങ്കരാചാര്യരെ കണ്ടു
ദില്ലി: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ ശ്രീ ജയേന്ദ്ര സരസ്വതിയുമായി മാര്‍ച്ച് നാല് തിങ്കളാഴ്ച പ്രധാനമന്ത്രി എ. ബി. വാജ്പേയി കൂടിക്കാഴ്ച നടത്തി.
ചെന്നൈയില്‍ നിന്നും തിങ്കളാഴ്ച രാവിലെ ദില്ലിയിലെത്തിയ ശങ്കരാചാര്യ റേസ് കോര്‍സ് റോഡിലെ വാജ്പേയിയുടെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച 90 മിനുട്ടോളം നീണ്ടുനിന്നു.
അയോധ്യയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ പിന്‍വലിക്കാന്‍ ശങ്കരാചാര്യര്‍ വാജ്പേയിയോട് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന തര്‍ക്ക പ്രദേശമല്ലാത്ത സ്ഥലം രാമജന്മഭൂമി ട്രസ്റിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേ സമയം സര്‍ക്കാരിന്റെ പരിമിതികളെ പറ്റി ശങ്കരാചാര്യയെ ബോധ്യപ്പെടുത്തിയ വാജ്പേയി വി എച്ച് പി നേതാക്കളുടെ കര്‍ക്കശ നിലപാടില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും അറിയുന്നു.
ഫെര്‍ണാണ്ടസും കാഞ്ചി ശങ്കരാചാര്യരെ കണ്ടു
മാര്‍ച്ച് അഞ്ച് ചൊവാഴ്ച രാവിലെ എന്‍ഡിഎ കണ്‍വീനറും പ്രതിരോധമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് ശങ്കരാചാര്യരെ കണ്ടു. ശങ്കരാചാര്യര്‍ താമസിക്കുന്ന കാമാക്ഷി ക്ഷേത്രത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്രമന്ത്രിമാരായ മുരളി മനോഹര്‍ ജോഷിയും ഉമാ ഭാരതിയും തിങ്കളാഴ്ച അദ്ദേഹവുമായി കണ്ടിരുന്നു.
തിങ്കളാഴ്ച അശോക് സിംഗാള്‍ ഉള്‍പ്പെടെയുള്ള വി എച്ച് പി നേതാക്കള്‍ ശങ്കരാചാര്യരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച വി എച്ച് പി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിന് മുമ്പായിരുന്നു ഈ കൂടിക്കാഴ്ച.
മാര്‍ച്ച് 15ന് രാമജന്മഭൂമിയിലേക്ക് ക്ഷേത്ര നിര്‍മാണത്തിനായുള്ള ശിലകള്‍ കൊണ്ടുപോവുമെന്നും മൂന്ന് മാസത്തിനുള്ളില്‍ ക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നും വി എച്ച് പി തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications