കോണ്‍ഗ്രസ് പിന്തുണച്ചാലും മുലായത്തിന് സര്‍ക്കാരുണ്ടാക്കാനാവില്ല
തിരുവനന്തപുരം: കോണ്‍ഗ്രസ് പിന്തുണ നല്കിയാലും സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവിന് ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് ചൂണ്ടിക്കാട്ടി.
403 അംഗ നിയമസഭയില്‍ ബിജെപിയ്ക്കും ബിഎസ്പിയ്ക്കും കൂടി 205 എംഎല്‍എമാരുണ്ട്. അതുകൊണ്ടുതന്നെ സമാജ്വാദി പാര്‍ട്ടിയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്കിയാലും കേവലഭൂരിപക്ഷമാവില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുടെയോ ബിഎസ്പിയുടെയോ പിന്തുണയുണ്ടെങ്കിലേ മുലായംസിംഗിന് സര്‍ക്കാര്‍ രൂപീകരിക്കാനാവൂ- മാര്‍ച്ച് ഏഴ് വ്യാഴാഴ്ച ഗുലാംനബി ആസാദ് തിരുവനന്തപുരത്ത് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
രാജ്യത്തൊട്ടാകെ കോണ്‍ഗ്രസ് അനുകൂല മനോഭാവം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ നടന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആറിലും കോണ്‍ഗ്രസാണ് ജയിച്ചത്.
പഞ്ചാബ്, ഉത്തരാഞ്ചല്‍, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. അത് ശരിയാണെന്ന് ഫലങ്ങള്‍ തെളിയിക്കുകയും ചെയ്തു.- ആസാദ് പറഞ്ഞു.