മോഡേണ്‍ ബ്രഡ് ലാഭത്തിലേയ്ക്ക്
കൊച്ചി : മോഡേണ്‍ ഫുഡ് ഇന്‍ഡസ്ട്രീസ് രണ്ടു വര്‍ഷം കൊണ്ട് നഷ്ടത്തില്‍ നിന്നും കരകയറിയെന്ന് കമ്പനി നേതൃത്വം. പൊതു മേഖലയില്‍ നിന്നും സ്വകാര്യമേഖലയ്ക്കു കൈമാറുമ്പോള്‍ പ്രതിവര്‍ഷം 48 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. എന്നാല്‍ സ്വകാര്യ മേഖല ഏറ്റെടുത്തതിനു ശേഷം നഷ്ടം നികത്താനായെന്ന് കമ്പനി സീനിയര്‍ ജനറല്‍ മാനേജര്‍ കെ.രവീന്ദ്രന്‍ നായര്‍ പറഞ്ഞു. ഈ വര്‍ഷം മുതല്‍ ലാഭത്തിലാകുമെന്നാണ് ് പ്രതീക്ഷ.
കമ്പനിയുടെ വരവ് രണ്ടു വര്‍ഷം കൊണ്ട് 70 കോടിയില്‍ നിന്നും 120 കോടിയായി ഉയര്‍ന്നു. 66 ശതമാനം വര്‍ദ്ധന. ദക്ഷിണേന്ത്യയിലെ ബ്രഡ് വിപണിയുടെ 60 ശതമാനവും മോഡേണ്‍ ബ്രഡിനാണെന്ന് രവീന്ദ്രന്‍ നായര്‍ പറഞ്ഞു. കൊച്ചി ഇടപ്പളളി റോഡിലുളള യൂണിറ്റില്‍ കമ്പനിയുടെ മോഡേണ്‍ ആട്ട ബ്രഡ് എന്ന പുതിയ ഉല്‍പന്നം വിപണിയിലിറക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇതിനകം പുതിയ ബ്രാന്‍ഡ് ദില്ലി, മുംബെ വിപണികളില്‍ ഇറക്കിക്കഴിഞ്ഞു.
സാന്‍ഡ് വിച്ച് ബ്രഡിനെക്കാള്‍ കേരളത്തില്‍ പ്രിയം മധുരമുളള ആട്ട ബ്രഡാണെന്ന് രവീന്ദ്രന്‍ നായര്‍ പറഞ്ഞു. 400 ഗ്രാം പായ്ക്കറ്റിന് 10 രൂപയാണ് വിലയിട്ടിരിക്കുന്നത്.
സര്‍ക്കാര്‍ അധീനതയിലായിരുന്ന മോഡേണ്‍ ഫുഡ് ഇന്റസ്ട്രീസിന്റെ 74 ശതമാനം ഓഹരികള്‍ 2000 ജനവരിയിലാണ് ഹിന്ദുസ്ഥാന്‍ ലിവര്‍ ലിമിറ്റഡിന് വിറ്റത്.
രാജ്യത്ത് ഏറ്റവും വിവാദമുണ്ടാക്കിയ കൈമാറ്റമായിരുന്നു മോഡേണ്‍ ഫുഡ് ഇന്‍ഡസ്ട്രീസിന്റേത്. പൊതുമേഖലയില്‍ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി സ്വകാര്യ മേഖലയ്ക്ക് വിറ്റു തുലയ്ക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷവും ട്രേഡ് യൂണിയനുകളും ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications