അയോദ്ധ്യയില്‍ മാര്‍ച്ച് 15ന് ഭൂമി പൂജ
ചെന്നൈ : അയോദ്ധ്യയിലെ തര്‍ക്കരഹിത സ്ഥലത്ത് മാര്‍ച്ച് 15ന് ഒറ്റക്കല്ലു കൊണ്ട് ഭൂമി പൂജ നടത്തുമെന്ന് ശങ്കരാചാര്യര്‍. അമ്പലം നിര്‍മ്മിക്കുന്നതിന്റെ പ്രതീകമായാണ് കല്ല് പൂജിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും അയോദ്ധ്യാ മുനിസിപ്പാലിറ്റിയുടെയും മുന്‍കൂര്‍ അനുവാദം ഇതിനായി വാങ്ങുമെന്നും ശ്രീ. ജയേന്ദ്ര സരസ്വതി ചെന്നൈയില്‍ പറഞ്ഞു.
ക്ഷേത്രനിര്‍മ്മാണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും വിഎച്ച്പിയ്ക്കും ഇടയ്ക്ക് മദ്ധ്യസ്ഥത വഹിച്ചതിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ശങ്കരാചാര്യര്‍.
ഭൂമി പൂജയ്ക്കു ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുകയും രമ്യമായ പരിഹാരം ഉണ്ടായ ശേഷം ബാക്കി പണി തുടരാമെന്നുമാണ് ശങ്കരാചാര്യര്‍ അഭിപ്രായപ്പെടുന്നത്.
ഭൂമി പൂജ അനുവദിക്കണമോ എന്നതിനെക്കുറിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വെളളിയാഴ്ച വൈകുന്നേരം തീരുമാനമെടുക്കുമെന്നും അദ്ദേഹം വാര്‍ത്താ ലേഖകരെ അറിയിച്ചു.
വിവിധ രാഷ്ട്രീയ -മത നേതാക്കളുമായി ജൂണ്‍ രണ്ടിന് മുമ്പ് ചര്‍ച്ച നടത്തും. തര്‍ക്കസ്ഥലത്തിനു പുറത്തുളള ഭൂമി ട്രസ്റിന് കൈമാറുന്നത് സംബന്ധിച്ച് അഭിപ്രായ സമന്വയമുണ്ടാക്കാനാണ് ഇത്. ഈ സ്ഥലത്താണ് ക്ഷേത്ര നിര്‍മാണത്തിന്റെ പരികര്‍മ്മം നടക്കുകയെന്നും ജയേന്ദ്ര സരസ്വതി പറഞ്ഞു.












Click it and Unblock the Notifications