സമരക്കാരുമായി ശനിയാഴ്ച ചര്‍ച്ച
തിരുവനന്തപുരം: സമരം ചെയ്യുന്ന വരുമായി മാര്‍ച്ച് ഒന്‍പത് ശനിയാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തും. എല്ലാ മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും.
രാവിലെ 11.30 ന് തിരുവനന്തപുരത്ത് ഡര്‍ബാര്‍ ഹാളിലാണ് ചര്‍ച്ച. ഫിബ്രവരി അഞ്ചിന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ സംഘടനാ നേതാക്കന്മാര്‍ക്കും ഈ ചര്‍ച്ചയില്‍ പങ്കെടുക്കാം.
മാര്‍ച്ച് എട്ടിന് ചേര്‍ന്ന മന്ത്രിസഭയുടെ അനൗപചാരിക യോഗമാണ് സമരം നടത്തുന്ന സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞു. സര്‍ക്കാരിന്റെ പരിമിതികള്‍ മനസ്സിലാക്കി ചര്‍ച്ചയില്‍ പങ്കെടുത്താല്‍ പ്രശ്നം പരിഹരിയ്ക്കാനാവുമെന്ന് ആന്റണി പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസമായി നടന്ന അനൗപചാരിക ചര്‍ച്ചകളുടെ ഫലമാണ് ഈ ചര്‍ച്ച എന്നും ആന്റണി പറഞ്ഞു. സമരം അവസാനിപ്പിയ്ക്കുക തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് ഹൈ കമാന്റിന്റെ നിര്‍ദ്ദേശപ്രകാരമല്ല ചര്‍ച്ചയ്ക്ക് തയ്യാറായത് എന്ന് ആന്റണി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ നടന്നില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ കാര്യം വിഷമത്തിലാവും. സമരം ജനങ്ങള്‍ക്കുണ്ടാക്കുന്ന വിഷമം കണക്കിലെടുത്താണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്.
സമരം നിറുത്താതെ ചര്‍ച്ചയ്ക്കില്ലെന്ന് നിരന്തരം പറഞ്ഞിരുന്ന മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സമ്മതിച്ചത് സമരത്തിന്റെ വിജയമാണെന്ന് സമര സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച സമരം തുടങ്ങി 31 ദിവസമായി. വെള്ളിയാഴ്ചയും കേരളത്തിലെമ്പാടും സമരക്കാര്‍ അക്രമം നടത്തി.












Click it and Unblock the Notifications