ഭൂമിപൂജ : വിഎച്ച്പി കോടതിവിധി കാക്കുന്നു
ദില്ലി : ഭൂമി പൂജയെക്കുറിച്ചുളള സുപ്രീം കോടതി വിധിയ്ക്ക് കാത്തിരിക്കുകയാണെന്ന് വിഎച്ച്പി. മാര്‍ച്ച് 15ന് പൂജ നടത്തുമെന്നാണ് സംഘപരിവാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനു മുമ്പ് പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായി വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ പ്രത്യാശിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂജ നടത്താന്‍ കോടതി അനുവദിച്ചില്ലെങ്കില്‍ കല്ലുകള്‍ അയോദ്ധ്യയിലെ താല്കാലിക രാമക്ഷേത്ര ശ്രീകോവിലില്‍ നേദിക്കും. രാമ ജന്മഭൂമി ട്രസ്റ് ചെയര്‍മാന്‍ രാമചന്ദ്ര പരമഹംസരായിരിക്കും ഈ കര്‍മ്മം നടത്തുക.
ഈ ശ്രമം തടയുകയാണെങ്കില്‍ കര്‍സേവകര്‍ അറസ്റു വരിക്കുമെന്ന് സിംഗാള്‍ പറഞ്ഞു. പൂര്‍ണമായും സമാധാനപരമായിരിക്കും വിഎച്ച്പിയുടെ നടപടികളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
തര്‍ക്ക പ്രദേശത്തിന് സമീപം മാര്‍ച്ച് 15 ന് പൂജ നടത്താനുളള അനുവാദം മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വാജ് പേയി കനത്ത സമ്മര്‍ദ്ദമാണ് അനുഭവിയ്ക്കുന്നത്. എന്‍ ഡി എ യിലെ കക്ഷികള്‍, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, പ്രതിപക്ഷ കക്ഷികള്‍, ഉദ്വോഗസ്ഥര്‍ എന്നിവരില്‍ നിന്നാണ് ഈ സമ്മര്‍ദ്ദം. ഈ അവസരത്തില്‍ വാജ്പേയിയെ കൂടുതല്‍ വിഷമിപ്പിയ്ക്കാന്‍ വി എച്ച്പി ഉദ്ദേശിയ്ക്കുന്നില്ല. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications