കോഴിക്കല്ലു മൂടി; കൊടുങ്ങല്ലൂര്‍ ഭരണി തുടങ്ങി
കൊടുങ്ങല്ലൂര്‍ : ശരണം വിളികളുടെയും സ്തുതി ഗീതങ്ങളുടെയും അകമ്പടിയോടെ ഭഗവതി നടയില്‍ കോഴിക്കല്ല് മൂടിയതോടെ കൊടുങ്ങല്ലൂര്‍ ഭരണിയ്ക്ക് തുടക്കമായി. ഞായറാഴ്ച രാവിലെ 11നാണ് ആചാരപരമായ കോഴിക്കല്ലു മൂടല്‍ ചടങ്ങ് നടന്നത്.
ഭഗവതി വീട്ടിലെ പരമേശ്വര മേനോനും കൃഷ്ണന് കുട്ടി മേനോനുമാണ് വൃത്താകൃതിയിലെ രണ്ട് കല്ലുകള്‍ ക്ഷേത്ര നടയിലെ കുഴിയില്‍ ചുവന്ന പട്ടു കൊണ്ട് മൂടിയത്.
തുടര്‍ന്ന് തച്ചോളിത്തറവാട്ടില്‍ നിന്നും കോഴിയെ കൊണ്ടു വന്നിട്ടുണ്ടോ എന്ന് കാരണവര്‍ വിളിച്ചു ചോദിച്ചു. തച്ചോളിത്തറവാട്ടിലെ അനന്തരാവകാശികളായ ബാലക്കുറുപ്പ് മൂപ്പന്, നാരായണക്കുറുപ്പ്, ജയചന്ദ്രന്, രാധാകൃഷ്ണന് മേപ്പാട് എന്നിവര്‍ കോഴികളെ നല്കി. തല്‍സമയം ക്ഷേത്രത്തിന്റെ തെക്കു കിഴക്കായി വേണാട്ടുകാരുടെ കൊടികള്‍ ഉയര്‍ന്നു.
ശനിയാഴ്ചയാണ് പ്രസിദ്ധമായ കാവു തീണ്ടല്. അതോടു കൂടി ഉല്‍സവത്തിന് കൊടിയിറങ്ങും.