ബജറ്റ് നിര്‍ദേശം മില്‍മയ്ക്ക് തിരിച്ചടി
തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശം മില്‍മയ്ക് വിഷമമാവുന്നു.
പാല്‍ സംഭരണം, പാലുത്പന്നങ്ങളുടെ നിര്‍മാണം എന്നിവയില്‍ നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന മില്‍ക് ആന്റ് മില്‍ക് പ്രൊഡക്ട്സ് ഓര്‍ഡര്‍ (എം എം പി ഒ) എടുത്തുകളയുന്നതാണ് മില്‍മയെ ദോഷകരമായി ബാധിയ്ക്കുന്നത്. പുതിയ കേന്ദ്ര ബജറ്റിലെ ഇതുസംബന്ധിച്ച നിര്‍ദേശം ഇപ്പോള്‍ തന്നെ പ്രതിലന്ധിയിലായ മില്‍മയെ കടുത്ത മത്സരം നേരിടുന്നതിലേക്കാണ് നയിക്കുക.
സ്വകാര്യ പാല്‍ കമ്പനികള്‍ കേരളത്തിലേക്ക് കൂടുതലായി കടന്നുവരാന്‍ എം എ പി ഒ എടുത്തുകളഞ്ഞത് ഇടയാക്കും. ഇപ്പോള്‍ തന്നെ മില്‍മയുടെ കണക്കുപ്രകാരം 32 സ്വകാര്യ പാല്‍ കമ്പനികള്‍ കേരളത്തിലുണ്ട്. കുറഞ്ഞ വിലയ്ക്ക് തമിഴ്നാട്ടില്‍ നിന്ന് പാല്‍ കൊണ്ടുവന്ന് മില്‍മയ്ക്ക് മത്സരമുയര്‍ത്തുകയാണ് ഈ കമ്പനികള്‍. ബജറ്റ് നിര്‍ദേശം പ്രാബല്യത്തിലാവുന്നതോടെ മില്‍മ നേരിടുന്ന ഭീഷണി കടുത്തതാകും.
സംസ്ഥാനത്ത് നിന്ന് മാത്രമാണ് മില്‍മ പാല്‍ ശേഖരിക്കുന്നത്. മില്‍മ പ്രതിസന്ധിയിലാവുന്നതോടെ സംസ്ഥാനത്തെ പാല്‍ ഉത്പാദകരുടെ സ്ഥിതി കഷ്ടത്തിലാകും.
കേരളത്തില്‍ 32 സ്വകാര്യ കമ്പനികള്‍ കൂടി പാല്‍ വില്കുന്നുണ്ടെങ്കിലും ആരും വില കുറച്ച് പാല്‍ വില്‍ക്കുന്നില്ല. വിപണിയിലെ മത്സരം കൂടുമ്പോള്‍ വിലയില്‍ കുറവുവരുകയാണ് വേണ്ടത്. എന്നാല്‍ പാല്‍ വില്കുന്ന കച്ചവടക്കാര്‍ക്ക് കൂടുതല്‍ കമ്മിഷന്‍ നല്‍കി വിപണി പിടിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്.
മില്‍മ പാക്കറ്റിന് 50 പൈസയാണ് കമ്മിഷന്‍ നല്‍കുന്നത്. സ്വകാര്യ ഏജന്‍സികള്‍ നല്‍കുന്നത് 1.55 രൂപയാണ്. പാല്‍ വില ഏതാണ്ട് തുല്യമാണെങ്കിലും പാല്‍ വിതരണക്കാര്‍ക്ക് മില്‍മയില്‍ താത്പര്യം കുറയാന്‍ ഇത് കാരണമായി.
സ്വകാര്യ ഏജന്‍സികള്‍ വില്‍ക്കുന്ന പാല്‍ നിലവാരം കുറഞ്ഞതാണെന്നാണ് മില്‍മ പറയുന്നത്. കൂടുതല്‍ സ്വകാര്യ കമ്പനികള്‍ രംഗത്തെത്തുന്നതോടെ മത്സരം കൊഴുക്കും. പുതിയ കമ്പനികള്‍ പാല്‍ വില കുറയ്ക്കുകയാണെങ്കില്‍ അത് മില്‍മയ്ക്ക് വന്‍തിരിച്ചടിയാവും. മില്‍മ പാലിന്റെ ഗുണത്തെ കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുക മാത്രമാണ് മില്‍മയുടെ മുന്നിലുള്ള പോംവഴി.
മില്‍മയുടെ മേഖലാ കേന്ദ്രങ്ങളില്‍ എറണാകുളം മേഖലാ കേന്ദ്രമാണ് കൂടുതല്‍ പ്രതിസന്ധിയിലാവുക. എറണാകുളം മേഖല ഇപ്പോള്‍ തന്നെ 10 കോടി നഷ്ടത്തിലാണ്.












Click it and Unblock the Notifications