ശ്രീലങ്ക, ഒമാന്‍ വിമാനങ്ങള്‍ ഇനി ദിവസേന
തിരുവനന്തപുരം : ശ്രീലങ്ക, ഒമാന്‍ എയര്‍ലൈന്‍സുകള്‍ തലസ്ഥാനത്തു നിന്നും ദിവസേനെ വിമാന സര്‍വീസുകള്‍ തുടങ്ങുന്നു. ഇതോടെ ഗള്‍ഫ് യാത്ര കൂടുതല്‍ എളുപ്പമാകും. മാര്‍ച്ച് അവസാനം സര്‍വീസുകള്‍ തുടങ്ങുമെന്നു കരുതുന്നു.
ഗള്‍ഫ് എയറും ഖത്തര്‍ എയറും ഇപ്പോള്‍ ദിവസേന തലസ്ഥാനത്തു നിന്നും സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം- കൊളംബോ റൂട്ടില്‍ അഞ്ചു സര്‍വീസ് നടത്തുന്ന ശ്രീലങ്ക എയര്‍ലൈന്‍സ് ഇനി മാര്‍ച്ച് 28 മുതല്‍ ദിവസവും ഉണ്ടാകും. 140 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ബസ് എ-320 ആണ് പുതുതായി ഏര്‍പ്പെടുത്തുന്നത്.
ഇപ്പോല്‍ സര്‍വീസ് നടത്തുന്ന സമയത്തില്‍ മാറ്റമില്ല. രാവിലെ 9.15ന് എത്തിച്ചേരുന്ന വിമാനം 120.45ന് തിരിച്ചു പോകും. കൊളംബോയില്‍ നിന്നും ദുബായ്, റിയാദ്, മസ്ക്കറ്റ്, അബുദാബി, ലണ്ടന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേയ്ക്കുളള വിമാനങ്ങളുമായി തിരുവനന്തപുരം സര്‍വീസിനെ ബന്ധപ്പെടുത്തുന്നതിനായാണ് ഇത്. ഇന്ത്യന്‍ എയര്‍ലൈന്‍സ് തിരുവനന്തപുരം - കൊളംബോ സര്‍വീസ് നിര്‍ത്തിയതിനാല്‍ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് ഈ തീരുമാനം അനുഗ്രഹമാണ്.
മാര്‍ച്ച് 31 മുതലാണ് ഒമാന്‍ എയര്‍ലൈന്‍സ് ഒരു സര്‍വീസ് അധികമായി തുടങ്ങും. ഇപ്പോള്‍ ആഴ്ചയില്‍ അഞ്ചു വിമാനങ്ങളുളളത് ആറായി വര്‍ദ്ധിപ്പിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ ബോയിംഗ് 737-800 എയര്‍ ക്രാഫ്റ്റ് വരുന്നതോടെ ആഴ്ചയില്‍ ഏഴു ദിവസവും ഒമാന്‍ എയര്‍ലൈസ് സര്‍വീസ് ഉണ്ടാകും. 165 പേര്‍ക്ക് യാത്രചെയ്യാവുന്നതാണ് ബോയിംഗ് 737-800 എയര്‍ക്രാഫ്റ്റ്. ഇപ്പോള്‍ നെടുമ്പാശേരിയില്‍ നിന്നും അഞ്ച് സര്‍വീസൂകള്‍ ഒമാന്‍ നടത്തുന്നുണ്ട്.
എന്നാല്‍ തിരുവനന്തപുരം-അബുദാബി, തിരുവനന്തപുരം-മസ്ക്കറ്റ് സര്‍വീസുകള്‍ പിന്‍വലിക്കാനുളള ഗള്‍ഫ് എയര്‍ തീരുമാനം യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്. എപ്രില്‍ ഒന്നു മുതലാണ് ഈ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത്. ഈ സ്ഥലങ്ങളിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ ഇനി എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും മാത്രമാണ് ഇനി ഉണ്ടാവുക.












Click it and Unblock the Notifications