സൂര്യനെല്ലി പ്രതിയെ അയ്യങ്കാളിപ്പട വെട്ടി
ആലുവ: സൂര്യനെല്ലി കേസില്‍ പ്രധാനപ്രതികളിലൊരാളായ ജേക്കബ് സ്റീഫനെ അജ്ഞാതരായ മൂന്നംഗസംഘം വെട്ടിപ്പരിക്കേല്പിച്ചു. സാരമായി പരിക്കേറ്റ ജേക്കബ് സ്റീഫനെ സ്പെഷ്യലിസ്റ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സൂര്യനെല്ലി കേസില്‍ പ്രതിയായ ജേക്കബ് സ്റീഫനോട് തങ്ങള്‍ പ്രതികാരം ചെയ്തതാണെന്ന് അയ്യങ്കാളിപ്പട അറിയിച്ചു. കോണ്‍ഗ്രസ് നേതാവും കോട്ടയം ജില്ലാ കാര്‍ഷിക വികസനബാങ്ക് പ്രസിഡന്റും സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് ജേക്കബ് സ്റീഫന്‍.
മൂന്നംഗ അക്രമിസംഘം വീട്ടില്‍ക്കയറി കൊടുവാളുപയോഗിച്ചാണ് ജേക്കബ് സ്റീഫനെ വെട്ടിയത്. മാര്‍ച്ച് 13 ചൊവാഴ്ച പുലര്‍ച്ചെ 7.30നായിരുന്നു സംഭവം. യുസി കോളെജിനു സമീപം ഡോക്ടേഴ്സ് ലൈനില്‍ ജേക്കബ് സ്റീഫന്‍ വാടകയ്ക്ക് താമസിക്കുന്ന മാവേലി വീട്ടില്‍ ഒരു കത്ത് നല്കാനുണ്ടെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം എത്തിയത്. ഭാര്യയാണ് വാതില്‍ തുറന്നത്. വാതില്‍ തുറന്ന് പുറത്തെത്തിയ ജേക്കബ് സ്റീഫന്‍ കത്തു വാങ്ങുവാന്‍ കൈ നീട്ടിയപ്പോള്‍ യുവാക്കള്‍ കൊടുവാള്‍ പുറത്തെടുത്ത് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു.
വെട്ടേറ്റ് കൈ അറ്റനിലയിലായി. വീട്ടുകാരുടെ ബഹളത്തെതുടര്‍ന്ന് അക്രമിസംഘം ഓടിരക്ഷപ്പെട്ടു. യുസി കോളെജ് വരെ ഓടിയ സംഘം അവിടെനിന്ന് ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരവും ഒരു സംഘം ജേക്കബ് സ്റീഫന്റെ വീട്ടിലെത്തിയിരുന്നു. അപ്പോള്‍ ജേക്കബ് സ്റീഫന്‍ സ്ഥലത്തില്ലാത്തതിനാല്‍ ഒരു കത്തുനല്കാനുണ്ടെന്നും അടുത്തദിവസം എത്താമെന്നും സംഘം അറിയിച്ചു.
ആക്രമണവിവരമറിഞ്ഞ് ജേക്കബ് സ്റീഫന്റെ വീട്ടിലെത്തിയ പൊലീസ് സംഘം പുരുഷാധിപത്യ വിരുദ്ധ വാരാചരണം എന്ന തലക്കെട്ടിലുള്ള അയ്യങ്കാളിപ്പടയുടെ കത്ത് കണ്ടെടുത്തിട്ടുണ്ട്. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി വീണ്ടും അധികാരത്തിന്റെ ഉന്നതങ്ങളിലെത്തിയ ജേക്കബ് സ്റീഫനെ ഞങ്ങള്‍ ശിക്ഷിച്ചിരിക്കുന്നു എന്നായിരുന്നു കത്തിലെ ഉള്ളടക്കം.












Click it and Unblock the Notifications