കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെല്ലുവിളി ഏറ്റെടുക്കാന്‍ മില്‍മ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സ്വകാര്യ പാല്‍ വിതരണക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയേറ്റെടുക്കാന്‍ മില്‍മ തയ്യാറെടുക്കുന്നു.

പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കിയും വിപണന തന്ത്രങ്ങളില്‍ മാറ്റം വരുത്തിയുമാണ് മില്‍മ മല്‍സരത്തിന് സജ്ജമാകുന്നത്.

പാല്‍ ഉല്‍പന്നങ്ങളുടെ സംഭരണം, സംസ്കരണം എന്നിവയുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന മില്‍ക്ക് ആന്റ് മില്‍ക് പ്രോഡക്ട്സ് ഓര്‍ഡര്‍ (എം. എം. പി. ഒ.) നീക്കം ചെയ്യാന്‍ 2002 ലെ കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതോടെ ഒട്ടേറെ സ്വകാര്യ പാല്‍ വിതരണക്കാര്‍ മില്‍മയുടെ വിപണിയിലേയ്ക്ക് കടന്നു വരും. ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കാനാണ് മില്‍മ പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കുന്നത്.

പാല്‍ വിതരണ രംഗത്ത് തങ്ങളുടെ കുത്തക നിലനിര്‍ത്താന്‍ വൈവിദ്ധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ മില്‍മ അവതരിപ്പിക്കുന്നു. കൊഴുപ്പിന്റെ അളവില്‍ വ്യത്യാസമുളള പാലും വ്യത്യസ്ത രുചികളുള്ള പാലും വിപണിയിലെത്തിക്കാന്‍ മില്‍മ ഉദ്ദേശിക്കുന്നുണ്ട്.

ഇതിനു പുറമെ കുറഞ്ഞ വരുമാനക്കാര്‍ക്കായി 200 മില്ലി ലിറ്റര്‍ കവറില്‍ പാല്‍ ലഭ്യമാക്കും. ഗുണ നിലവാരം കൂടിയ തൈര്, ഐസ് ക്രീം ചേരുവകള്‍ എന്നിവയും മില്‍മയുടെ വകയായി ഉടന്‍ വിപണിയിലെത്തും.

മില്‍മയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ 32 സ്വകാര്യ ഏജന്‍സികള്‍ പാല്‍ വിതരണം നടത്തുന്നുണ്ട്. കൂടുതല്‍ ഏജന്‍സികള്‍ വരുന്നതോടെ വിപണിയിലെ മല്‍സരം കടുത്തതാകും. ഇപ്പോള്‍ തന്നെ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന മില്‍മയ്ക്ക് പുതിയ സാഹചര്യം നേരിടാന്‍ കെല്‍പ്പുണ്ടോകുമോ എന്ന് സംശയം ഉയരുകയാണ്.

തലസ്ഥാനത്ത് പ്രതിദിനം 1.1 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ വില്‍ക്കുന്നത്. ഏഴു സ്വകാര്യ ഏജന്‍സികളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ഇവരെല്ലാം കൂടി 30,000 ലിറ്റര്‍ പാല്‍ ദിവസേന വില്‍ക്കുന്നുണ്ട്. അതായത് ആകെ വിപണിയുടെ 65 ശതമാനവും സംസ്ഥാന പാല്‍ വിതരണ സഹകരണ സംഘത്തിന്റെ കൈയിലാണ്.

തലസ്ഥാന ജില്ലയില്‍ പാല്‍ വില്‍പന നടത്തുന്ന ക്ഷീരയും ഒരു സഹകരണ സ്ഥാപനമാണ്. മാറനല്ലൂര്‍ പാല്‍ സൊസൈറ്റിയാണ് ക്ഷീര വില്‍ക്കുന്നത്. ജില്ലയില്‍ പ്രതിദിനം 10,000 ലിറ്റര്‍ പാല്‍ വില്‍ക്കാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്.

ശുദ്ധവും സുരക്ഷിതവുമായ പാല്‍ എന്നതാണ് മില്‍മയുടെ വിശ്വാസ്യത. പാല്‍ക്കവറുകളില്‍ ദേശീയ പാല്‍ വികസന ബോര്‍ഡിന്റെ ഗുണമേന്മാ മുദ്ര കിട്ടിയത് കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍ മില്‍മയുടെ പാലിന് ഉപഭോക്താക്കള്‍ വിശ്വാസ്യത നല്‍കുന്നുണ്ടെങ്കിലും ഉയര്‍ന്ന ഗുണനിലവാരം കല്‍പ്പിക്കുന്നില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി മില്‍മയുടെ വക്താക്കള്‍ പറയുന്നു. മൂന്നു ശതമാനം കൊഴുപ്പു കലര്‍ന്ന പാലാണ് വില്‍ക്കുന്നതെങ്കിലും വെളളം കലര്‍ന്ന പാലാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

ഉപഭോക്താക്കളുടെ ഈ വിശ്വാസത്തെ പ്രതിരോധിക്കാന്‍ മലബാര്‍ മേഖലയില്‍ കൊഴുപ്പു കൂടിയ പാല്‍ ഈയിടെ അവതരിപ്പിച്ചിരുന്നു. അത് സംസ്ഥാനമാകെ വ്യാപിപ്പിക്കാന്‍ മില്‍മ തയ്യാറെടുക്കുകയാണ്.

വിവിധ തരം ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനായി നഗരങ്ങളില്‍ 4.5 ശതമാനം കൊഴുപ്പുളള മില്‍മ റിച്ച്, കൊല്ലം നഗരത്തില്‍ മാത്രം ലഭ്യമായ മില്‍മ റിച്ച് പ്ലസ്, കൊഴുപ്പു കുറഞ്ഞ മില്‍മ സ്മാര്‍ട്ട എന്നിവ വിപണിയിലിറക്കി.

ബജറ്റു നിര്‍ദ്ദേശം തങ്ങളെ ദോഷകരമായി ബാധിക്കില്ലെന്നാണ് മില്‍മ വാദിക്കുന്നത്. സ്വകാര്യ ഏജന്‍സികളുടെ പാല്‍ സംഭരണത്തെയാണ് അത് ബാധിക്കുന്നതെന്ന് മില്‍മ കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍ മല്‍സരം കടുത്തതാകുമെന്നും വിപണനത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടണമെന്നും അവര്‍ സമ്മതിക്കുന്നുണ്ട്. പാല്‍പ്പൊടിയും തൈരും വെണ്ണയും നെയ്യും വിപണിയിലെത്തിച്ച് സ്വകാര്യ ഏജന്‍സികളുടെ കടന്നു കയറ്റത്തെ ചെറുക്കാനാണ് മില്‍മ ശ്രമിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X