നെറ്റിന്റെ രഹസ്യങ്ങളുമായി ജെറാള്‍ഡ് ലെവിന്‍
ദില്ലി : തടസങ്ങള്‍ തകര്‍ക്കുക. ഏതിനെതിരെയുളളതായാലും. ലോക മാദ്ധ്യമ ചക്രവര്‍ത്തി ഇതു പറയുമ്പോള്‍ സദസില്‍ കേട്ടിരുന്നത് ഇന്ത്യയിലെ മാദ്ധ്യമ രാജാക്കന്മാര്‍.
ലോകത്തെ മാദ്ധ്യമ വമ്പനായ എ.ഓ.എല്‍- ടൈം വാര്‍ണര്‍ മേധാവി ജെറാള്‍ഡ് എം. ലെവിന്റേതാണ് ഈ വാക്കുകള്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഇന്റര്‍നെറ്റിനെക്കുറിച്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സദസിലുണ്ടായിരുന്നത് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് സഞ്ജീവ് ഗോയെങ്ക, വാര്‍ത്താ വിതരണ മന്ത്രി സുഷമ സ്വരാജ്, സീ മേധാവി സുഭാഷ് ചന്ദ്ര, എന്‍ഡിടിവിയുടെ പ്രണോയ് റോയി, ഭാരതി ചെയര്‍മാന്‍ സുനില്‍ മിത്തല്‍, ടൈംസ് ഗ്രൂപ്പിന്റെ വിനീത് ജയിന്‍, ഇന്ത്യാ ടുഡെയുടെ അരുണ്‍ പൂരി, റിലയന്‍സിന്റെ അമിത് ഖന്ന, സത്യം ഇന്‍ഫോവെ മേധാവി ആര്‍ രാം രാജ് എന്നിവരുണ്ടായിരുന്നു.
ഇന്റര്‍നെറ്റിനെ അവസരങ്ങളുടെ പറുദീസയാക്കാന്‍ ലെവിന്‍ ഇന്ത്യയിലെ മാദ്ധ്യമ ഉടമകളെ ആഹ്വാനം ചെയ്തു. സാമ്പത്തിക അവസരങ്ങളുടെയും അറിവിന്റെയും വാര്‍ത്താവിനിയമത്തിന്റെയും രാഷ്ട്രീയ ഇടപെടലുകളുടെയും അക്ഷയഖനിയാണ് ഇന്റര്‍നെറ്റ്. തകര്‍ന്ന ഇന്റര്‍നെറ്റ് വ്യവസായങ്ങള്‍ പുനര്‍ജനിക്കുന്ന കാലം വരുമെന്ന് അദ്ദേഹം പ്രവചിച്ചു.
ലക്ഷ്യമില്ലാത്ത വ്യാപാര സംരംഭങ്ങളാണ് വഴിയില്‍ തകര്‍ന്നു പോയത്. നിര്‍വചിക്കപ്പെട്ട ലക്ഷ്യങ്ങളും ലക്ഷ്യബോധമുളള പ്രവര്‍ത്തന ശൈലിയുമുളള കമ്പനികള്‍ വ്യവസായത്തിന് പുതിയ ദിശാബോധം നല്‍കും.
ഇതൊക്കെ പറഞ്ഞത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഒരു കഥ കേള്‍ക്കുന്ന ലാഘവത്തോടെ എല്ലാവരും തളളിക്കളയുമായിരുന്നു. പറഞ്ഞത് പക്ഷേ, ജെറാള്‍ഡ് എം. ലെവിനാണ്. എല്ലാം തകര്‍ന്നിട്ടും ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചു വന്ന വ്യവസായ ഇതിഹാസം.
1990 ല്‍ ടൈം വാര്‍ണറുടെ ഓഹരി വില ഇടിഞ്ഞു താണതാണ്. പരാജയപ്പെട്ട് പിന്മാറാതെ പോരാടി ജയിക്കാനായിരുന്നു ലെവിന്‍ തീരുമാനിച്ചത്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം വിപണിയെ ഞെട്ടിപ്പിച്ച ആ ചൂതാട്ടം നടത്തി. കേബിള്‍ രംഗത്തേയ്ക്ക് ഇടിമുഴക്കത്തോടെ ലെവിന്‍ കയറി വന്നു.
700 കോടി ഡോളറിന് ടര്‍ണര്‍ ബ്രോഡ് കാസ്റിംഗ് കമ്പനി സ്വന്തമാക്കിയാണ് ലെവിന്‍ തിരിച്ചു വന്നത്. പണം ചുരത്തുന്ന പശുവിനെയാണ് ഇതുവഴി അദ്ദേഹം വാങ്ങിക്കെട്ടിയത്. ഭാവി കണ്ടുളള ഈ കരുനീക്കത്തിലെ കൗശലം ഇന്ന് തിരിഞ്ഞു നോക്കുമ്പോഴാണ് വ്യക്തമാകുന്നത്. സി എന്‍ എന്‍ എന്ന ചാല്‍ ടര്‍ണര്‍ ബ്രോഡ്കാസ്റിംഗ് കമ്പനിയുടേതാണ്.
ഇന്റര്‍നെറ്റില്‍ പുതിയ കരാറിലേര്‍പ്പെട്ടിരിക്കുന്നു ലെവിന്‍. അമേരിക്ക ഓണ്‍ലൈന്‍ (എ.ഓ.എല്‍) ഇന്റര്‍നെറ്റ് കമ്പനിയുമായി 16, 200 കോടി ഡോളറിന്റെ വമ്പന്‍ കരാര്‍. വ്യാപാരച്ചൂതാട്ടത്തിന് നെറ്റ് തിരഞ്ഞെടുക്കാന്‍ ഈ സൂത്രശാലി തയ്യാറാവുന്നത് എന്തെങ്കിലും കണ്ടിട്ടായിരിക്കുമെന്ന് തീര്‍ച്ച. ആ തിരിച്ചറിവാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ അക്ഷരം വിടാതെ കേട്ടിരിക്കാന്‍ ഇന്ത്യയിലെ മാദ്ധ്യമ രാജാക്കന്മാരെ പ്രേരിപ്പിച്ചത്.
ഇന്റര്‍നെറ്റ് യുവാക്കളുടെ മാദ്ധ്യമമാണെന്ന് ലെവിന്‍ ഓര്‍മ്മിപ്പിച്ചു. അവരെ നിയന്ത്രിക്കാനുളള ഏതു ശ്രമവും ഈ മാദ്ധ്യമത്തിന്റെ പരാജയം ക്ഷണിച്ചു വരുത്തും. നെറ്റ് വിലക്കാനുളള സര്‍ക്കാരിന്റെ ഏതു ശ്രമവും വിജയിക്കുകയില്ല. വിവര വിനിമയത്തിന് കൊതിക്കുന്നവരാണ് യുവാക്കള്‍. അതില്‍ നിന്നും അവരെ വിലക്കുന്നതെന്തും തകര്‍ക്കാന്‍ അവര്‍ക്കു കരുത്തുണ്ട്.
സാങ്കേതിക വിദ്യ ഇന്ന് ആഡംബരമല്ല. അത് ആവശ്യങ്ങള്‍ നിറവേറ്റാനുളള അവശ്യ ഉപാധിയാണ്. ഗ്രാമീണ മേഖലയില്‍ നെറ്റ് നല്‍കുന്ന സേവനങ്ങള്‍ ലെവിന്‍ ഉദാഹരിച്ചു. കാലാവസ്ഥയെക്കുറിച്ചും ആധുനിക കൃഷി രീതികളെക്കുറിച്ചും കര്‍ഷകര്‍ക്ക് ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ അറിവു നല്‍കാന്‍ നെറ്റിന് കഴിയും.
ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന സോഫ്വെയര്‍ കയറ്റുമതിയും ലെവിന്‍ ചൂട്ടിക്കാട്ടി. ഡിജിറ്റല്‍ സാങ്കേതിക വിദ്യ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ ആണിക്കല്ലാകുന്നു. സ്വാതന്ത്യം അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ആസ്വദിക്കാന്‍ ജനതയ്ക്ക് ഇത് അവസരം നല്‍കുന്നു.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് നെറ്റ് എപ്രകാരം ഉപകാരപ്രദമാകുന്നുവെന്ന് സ്ഥാപിക്കാന്‍ ധാരാളം ഉദാഹരണങ്ങള്‍ ലെവിന്‍ നിരത്തി. മദ്ധ്യപ്രദേശിലെ കര്‍ഷകര്‍ക്ക് പട്ടയത്തിന്റെ പകര്‍പ്പ് ചെറിയ നിരക്കില്‍ ഓണ്‍ലെന്‍ വഴി ഇപ്പോള്‍ ലഭ്യമാണ്. ഇത്തരം നടപടികളാണ് സര്‍ക്കാരിന്റെ കാര്യക്ഷമത നിര്‍ണയിക്കുന്നത്. മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങള്‍ സഫലീകരിക്കാന്‍ നെറ്റ് ഇന്ത്യയെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടൈം വാര്‍ണര്‍ പോലെയുളള വന്‍കിടക്കാര്‍ ഇന്ത്യയിലേയ്ക്ക് കടന്നു വരണമെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി സുഷമാ സ്വരാജ് അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തിനു ശേഷം സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ജെറാള്‍ഡ് എം. ലെവിന്‍ മറുപടി പറഞ്ഞു.
നെറ്റ് വഴിയുളള വരവ് തൃപ്തികരമല്ലെന്ന് ആര്‍. കെ. ജെയിന്‍ ചൂണ്ടിക്കാട്ടി. നെറ്റില്‍ ഉപയോഗിക്കേണ്ട പരസ്യ തന്ത്രത്തെക്കുറിച്ചും അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു.
ലോകമെമ്പാടും പരസ്യ വരുമാനത്തില്‍ ഇടിവു വരികയാണെന്ന യാഥാര്‍ത്ഥ്യം മറുപടി പറയുമ്പോള്‍ ലെവിന്‍ അനുസ്മരിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇതാണ് അവസ്ഥ. എന്നാല്‍ സ്ഥിതി മാറും. പരസ്യ വരുമാനത്തിനു പുറമെ മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തണം. സൂക്ഷ്മബുദ്ധിയോടെയുളള വരിക്കാരെ ചേര്‍ക്കാന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ തയ്യാറാകണം. ഡയറക്ട് മാര്‍ക്കറ്റിംഗും വരുമാന സ്രോതസ്സായി വികസിപ്പിച്ചെടുക്കണം.












Click it and Unblock the Notifications