ഒറീസ പ്രശ്നം: ലോക്സഭ നിര്‍ത്തിവെച്ചു
ദില്ലി: ഒറീസ നിയമസഭാ മന്ദിരത്തിനു നേരെയുണ്ടായ വി എച്ച് പി-ബജ്രംഗ്ദള്‍ അക്രമണം സംബന്ധിച്ച് ഉണ്ടായ ബഹളത്തെ തുടര്‍ന്ന് മാര്‍ച്ച് 18 തിങ്കളാഴ്ച ലോക്സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു.
ചോദ്യോത്തരവേള മാറ്റിവെച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യമാണ് ബഹളത്തിന് വഴിവെച്ചത്. ഇതുസംബന്ധിച്ച് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
സഭ സമ്മേളിച്ചയുടനെ പ്രശ്നം സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. ബിജെപി അംഗങ്ങള്‍ ഈ ആവശ്യത്തെ എതിര്‍ത്തു. ശൂന്യവേളയിലും ചോദ്യോത്തര വേളയിലും പ്രശ്നം ഉന്നയിക്കാവുന്നതാണെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കോണ്‍ഗ്രസ് നേതാവ് ശിവരാജ് പാട്ടില്‍, സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജി, സമാജ്വാദി പാര്‍ട്ടി അംഗം രാംദി ലാല്‍ സുമന്‍ എന്നിവര്‍ ചോദ്യോത്തരവേള മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. പ്രശ്നത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംഭവത്തെ കുറിച്ച് ഉന്നയിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കുന്നതായി സയിദ് പറഞ്ഞു.
സോമനാഥ് ചാറ്റര്‍ജി സംസാരിച്ചുതുടങ്ങിയെങ്കിലും ഭരണപക്ഷ അംഗങ്ങള്‍ ബഹളമുണ്ടാക്കി. ഇരുവിഭാഗവും ബഹളം വെക്കുന്നത് തുടര്‍ന്നപ്പോള്‍ സഭ ഒരു മണിക്കൂറേക്ക് നിര്‍ത്തിവെക്കുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ പി. എം. സെയ്ത് അറിയിച്ചു.
ഒറീസ നിയമസഭാ മന്ദിരത്തിനു നേരെ മാര്‍ച്ച് 16 ശനിയാഴ്ച വി എച്ച് പി-ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ നിയമസഭാ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. സഭയില്‍ ചില അംഗങ്ങള്‍ അയോധ്യാ പ്രശ്നത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നിയമസഭാ മന്ദിരത്തിനു മുന്നില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുത്തവരാണ് അക്രമം നടത്തിയത്. അക്രമം തടയുന്നതില്‍ അനാസ്ഥ കാട്ടിയതില്‍ 14 പൊലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications