പരിഷ്ക്കരണ നയങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സാമ്പത്തിക - ഭരണ പരിഷ്ക്കരണ നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി.
ആരോഗ്യം, വിദ്യാഭ്യാസം എന്നീ പ്രധാന മേഖലകളില്‍ നടക്കുന്ന പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ ദാരിദ്യ്ര നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും. പത്താം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു ആന്റണി. വരും വര്‍ഷത്തില്‍ 3,750 കോടിയുടെ പദ്ധതിയ്ക്കായി സര്‍ക്കാര്‍ ലക്ഷ്യമിടുകയാണ്. ഈ വര്‍ഷത്തെ പദ്ധതി 2,620 കോടിയായി വെട്ടിച്ചുരുക്കിയിരുന്നു. യോഗത്തിനു ശേഷം ആസൂത്രണ കമ്മിഷന്റെ വാര്‍ഷിക പദ്ധതി ചര്‍ച്ചകള്‍ക്കായി അദ്ദേഹം ദില്ലിയിലേയ്ക്കു തിരിച്ചു. മാര്‍ച്ച് 20നാണ് യോഗം.
വ്യാവസായിക, ടൂറിസം, ഐടി മേഖലകളുടെ ത്വരിത വികസനത്തിന് സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ വഴി തെളിക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. സാമ്പത്തിക അച്ചടക്കം കര്‍ശനമായി പാലിക്കുന്നതിനാല്‍ അടുത്ത വര്‍ഷത്തെ പദ്ധതി തുക പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിയും. കുടുംബശ്രീ പദ്ധതികള്‍ വഴി വികേന്ദ്രീകരണം ശക്തിപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കും.
സിപിഎം പൊളിറ്റ് ബ്യൂറോയുടെ അനുമതി വാങ്ങി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ഏഷ്യന്‍ ബാങ്ക് വായ്പ വാങ്ങാന്‍ തീരുമാനിച്ചതെന്ന് ആന്റണി വെളിപ്പെടുത്തി. തൊഴിലാളി പുനര്‍വിന്യാസവും സ്വയം പിരിഞ്ഞു പോകല്‍ പദ്ധതിയുമൊക്കെ അടങ്ങിയ ധാരണകള്‍ക്കാണ് നായനാര്‍ സര്‍ക്കാരും വഴങ്ങിയത്. കഴിഞ്ഞ ആഗസ്റിലാണ് ഇത് അംഗീകരിച്ചത് - അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടു വിഭാഗങ്ങള്‍ തമ്മിലുളള തൊഴില്‍ത്തര്‍ക്കമാണ് ആലപ്പുഴയില്‍ മൂന്നു കൊലപാതകങ്ങളിലേയ്ക്ക് നയിച്ചത്. സംഘര്‍ഷം പടരാതിരിക്കാന്‍ കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് ആന്റണി അറിയിച്ചു.












Click it and Unblock the Notifications