കേരളത്തില്‍ സിപിഎം മുരടിക്കുന്നു
ദില്ലി: കേരളത്തില്‍ സിപിഎം മുരടിക്കുന്നുവെന്ന് സിപിഎം കേന്ദ്രനേതൃത്വം. സിപിഎം അഖിലേന്ത്യാസമ്മേളനത്തില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ-സംഘടനാറിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേരളത്തില്‍ സിപിഎം ഇപ്പോള്‍ വളരുന്നതേയില്ലെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് 19 ചൊവാഴ്ച ഹൈദരാബാദില്‍ ആരംഭിക്കുന്ന 17-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കേരളത്തിലെ സിപിഎമ്മിന്റെ ഒട്ടേറെ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരികരംഗങ്ങളില്‍ കമ്മ്യൂണിസ്റ്കാഴ്ചപ്പാടിന് സ്വാധീനം കുറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മാറാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. ഇതിനാല്‍ മതന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയുമായി അകന്നുകഴിഞ്ഞു. കഴിഞ്ഞ 10 കൊല്ലമായി പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസവും വിഭാഗീയതയും ജനങ്ങളെ നിരാശപ്പെടുത്തുന്നു.- റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ കേരളത്തിന്റ പൊതുജീവിതത്തിലെ ഏതുചര്‍ച്ചകളിലും സിപിഎമ്മിന്റെ അഭിപ്രായം ജനങ്ങള്‍ മുഖവിലയ്ക്കെടുത്തിരുന്നു. പക്ഷെ ഇപ്പോള്‍ സിപിഎമ്മിന്റേത് ഇടയ്ക്കുകയറിയുള്ള വെടിവയ്ക്കല്‍ മാത്രമായി അധപതിക്കുന്നു. ഇഎംഎസിന്റെ കാലശേഷം പാര്‍ട്ടി ബുദ്ധിരാക്ഷസന്റെ അഭാവം അനുഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറയുന്നു.
ഭൂപരിഷ്കരണം, ഗള്‍ഫ് സ്വാധീനം, ഉപഭോഗസംസ്കാരം എന്നീ മേഖലകള്‍ കേരളത്തില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണമാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ സിപിഎം പരാജയപ്പെട്ടു. ഇതിനാല്‍ യുവാക്കളേയും മറ്റും ആകര്‍ഷിക്കാനേ കഴിയുന്നില്ല. ന്യൂനപക്ഷങ്ങളുമായി പാര്‍ട്ടിക്ക് അടുക്കാന്‍ കഴിയുന്നില്ല. പാര്‍ട്ടിക്ക് ഇപ്പോഴുള്ള 42 ശതമാനത്തില്‍ ഭൂരിപക്ഷവും ഹിന്ദുസമുദായത്തില്‍ നിന്നുള്ളവരാണ്.












Click it and Unblock the Notifications