വിവാദ നായകന്‍ സെഖോണ്‍ രാജിവച്ചു
ദില്ലി : ദക്ഷിണ വ്യോമ കമാന്‍ഡ് മേധാവി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ടഎയര്‍ മാര്‍ഷല്‍ മഞ്ജിത് സിംഗ് സെഖോണ്‍ രാജി വച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹം രാജിക്കത്തു നല്‍കിയത്. ചൊവാഴ്ച രാവിലെ വ്യോമസേന രാജി അംഗീകരിച്ചു.
സ്ഥാനലബ്ദിയ്ക്ക് രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി എന്ന ആരോപണം തെളിഞ്ഞതിനെത്തുടര്‍ന്ന് അടിയന്തരമായി രാജി വയ്ക്കണമെന്ന് വ്യോമസേന അദ്ദേഹത്തിന് അന്ത്യശാസനം നല്‍കിയിരുന്നു.
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ മുഖേനെയാണ് സെഖോണ്‍ സ്ഥാനലബ്ദിയ്ക്ക് ശ്രമിച്ചത്. ദക്ഷിണ വ്യോമസേനാ കമാന്‍ഡ് മേധാവിയായിരുന്നു അദ്ദേഹം. ദക്ഷിണ വ്യോമസേനാ കമാന്‍ഡിന്റെ ആസ്ഥാനമായ തിരുവനന്തപുരത്താണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 22നാണ് സ്ഥാനലബ്ദിയ്ക്ക് സഹായിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ബാദലിന് കത്തയച്ചത്. പശ്ചിമ എയര്‍ കമാന്‍ഡ് മേധാവിയായി തന്നെ നിയമിക്കാന്‍ പ്രധാനമന്ത്രിയോട് ശിപാര്‍ശ ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം.
യോഗ്യത കൊണ്ടും പരിചയം കൊണ്ടും ആ സ്ഥാനത്തിരിക്കാന്‍ താന്‍ അര്‍ഹനാണ് എന്നായിരുന്നു കത്തിലെ അവകാശ വാദം. പാകിസ്താനെയും കാശ്മീരിനെയും ചൊല്‍പ്പടിയ്ക്കു നിര്‍ത്താന്‍ തനിക്കു കഴിയുമെന്നും കത്തില്‍ എഴുതിയിരുന്നു. നിയമിക്കപ്പെട്ടാല്‍ പഞ്ചാബിനു വേണ്ടി ധാരാളം സേവനങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും സെഖോണ്‍ ബാദലിന് ഉറപ്പു നല്‍കി.
താങ്കളുടെ സഹായവും സിക്ക് ഗുരുവായ അകാല്‍ പുരുഷിന്റെ ആശിര്‍വാദവുമുണ്ടെങ്കില്‍ വ്യോമസേനയുടെ അധിപനാവാനും തനിയ്ക്ക് ഭാഗ്യമുണ്ടാവുമെന്നും സെഖോണ്‍ കത്തില്‍ പറയുന്നു.
1962 ല്‍ ഹെലികോപ്റ്റര്‍ പൈലറ്റായാണ് സെഖോണ്‍ സര്‍വീസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് യുദ്ധ വിമാനങ്ങളുടെ പൈലറ്റായി. ധാരാളം സുപ്രധാന സ്ഥാനങ്ങള്‍ സെഖോണ്‍ അലങ്കരിച്ചിട്ടുണ്ട്. 1971 ലെ യുദ്ധത്തിലെ മികച്ച സേവനത്തിന് ധീരതയ്ക്കുളള വീര ചക്രം നേടിയിട്ടുണ്ട്.












Click it and Unblock the Notifications