കാനഡ കരാര്‍: കെഎസ്ഇബിയ്ക്ക് നഷ്ടം 41 കോടി
തിരുവനന്തപുരം : മുന്‍ സര്‍ക്കാരിന്റെ കാലത്തു കെഎസ്ഇബിയും കാനഡ കമ്പനിയുമായി നടന്ന ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കരാര്‍ മൂലം 41 കോടിയുടെ നഷ്ടമാണ് ബോര്‍ഡിനുണ്ടായത്. നിയമസഭയുടെ വൈദ്യുതി സബ്ജക്ട് കമ്മിറ്റി ഇതേക്കുറിച്ചുളള ഫയലുകള്‍ പഠിച്ച് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പന്നിയാര്‍, ശെങ്കുളം, പളളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനാണ് കനേഡിയയിലെ എസ്എന്‍സി ലെവാലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്. മൂന്നു പദ്ധതികള്‍ക്കും കൂടി 100 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ശിപാര്‍ശ ചെയ്ത ബാലനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തളളിക്കൊണ്ടാണ് മുന്‍സര്‍ക്കാരും കെഎസ്ഇബിയും കാനഡാ കമ്പനിയ്ക്ക് കരാര്‍ നല്‍കിയത്. മലബാര്‍ കാന്‍സര്‍ സെന്ററിന് കമ്പനി വാഗ്ദാനം ചെയ്തിരുന്ന 102 കോടി രൂപ ഇതുവരെ നല്‍കിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. വന്‍തുകയുടെ യന്ത്രസാമഗ്രികളാണ് കമ്പനി ഇറക്കുമതി ചെയ്തത്.
ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ താന്‍ നിയമസഭയില്‍ ആവശ്യമുന്നയിച്ചിരുന്നെന്ന് തിരുവഞ്ചൂര്‍ ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications