പള്ളികള്‍ വിട്ടുകൊടുക്കില്ല: പാത്രിയാര്‍ക്കീസ്
കൊച്ചി: പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ പള്ളികള്‍ കതോലിക്കാവിഭാഗത്തിന് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ നിയുക്ത കതോലിക്കാബാവ തോമസ് മാര്‍ ദിവന്നാസിയോസ് അഭിപ്രായപ്പെട്ടു. പൊലീസോ കതോലിക്കാപക്ഷമോ പള്ളികള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കണമെന്നും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
എറണാകുളംജില്ലയിലെ പുത്തന്‍കുരിശില്‍ യാക്കോബായവിഭാഗത്തിന്റെ സത്യവിശ്വാസിസംരക്ഷണ യോഗത്തിലാണ് നിയുക്തകതോലിക്കാബാവയുടെ ഈ പ്രഖ്യാപനമുണ്ടായത്.
യുഡിഎഫ് സര്‍ക്കാര്‍ മലങ്കര സഭാതര്‍ക്കത്തില്‍ വിവേചനപരമായാണ് പെരുമാറുന്നതെന്നും തോമസ് മാര്‍ ദിവാന്നാസിയോസ് യോഗത്തില്‍ കുറ്റപ്പെടുത്തി. കാനിയാട്ടുകര പള്ളയിലെ പ്രശ്നം പരിഹരിക്കേണ്ട ആര്‍ഡിഒയെ സ്ഥലംമാറ്റിയ സംഭവം ഇതിന് തെളിവാണ്. മറുപക്ഷത്തിന്റെ ഏതെങ്കിലും പള്ളിയോ സ്ഥാപനമോ ഒരു സെന്റ് സ്ഥലമോ തങ്ങള്‍ക്കാവശ്യമില്ല- അദ്ദേഹം പറഞ്ഞു.
എതിര്‍പക്ഷമായ കാതോലിക്കാവിഭാഗം ഭരണഘടന അംഗീകരിക്കുന്നവരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവര്‍ ഭരണഘടന ലംഘിച്ചുകൊണ്ടാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പരുമല സമ്മേളനത്തിന് വേണ്ടി തയ്യാറാക്കിയ വോട്ടര്‍പട്ടിക തന്നെ ഭരണഘടനയുടെ ലംഘനമാണ്. - അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രശ്നത്തില്‍ കോടതിയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ബന്യാമിന്‍ ജോസഫ് മാര്‍ ഒസ്തേത്തിയോസ് പറഞ്ഞു. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സിവില്‍ കോടതികള്‍ക്ക് അവകാശമില്ല. ആര്‍ക്കും അവരുടെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്പിക്കാന്‍ അവകാശമില്ല. തങ്ങളുടെ പള്ളികള്‍ സംരക്ഷിക്കാന്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും- അദ്ദേഹം പറഞ്ഞു.
പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ അനുഗ്രഹകല്പനയും അദ്ദേഹം വായിച്ചു. പരീക്ഷണങ്ങളുടെയും പ്രലോഭനങ്ങളുടെയും കാലഘട്ടത്തില്‍ പൂര്‍വ പിതാക്കന്മാരെ മാതൃകയാക്കാന്‍ മലങ്കരയിലെ വിശ്വാസികളെ ബാവ ആഹ്വാനം ചെയ്തു.
പുത്തന്‍കുരിശില്‍ താല്ക്കാലികമായി കെട്ടിയുയര്‍ത്തിയ പന്തലില്‍ നടന്ന സത്യവിശ്വാസി സംരക്ഷണയോഗത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലേറെ വിശ്വാസികള്‍ പങ്കെടുത്തിരുന്നു. നൂറുകണക്കിനു വൈദികരും 4462 പള്ളിപ്രതിനിധികളും മലങ്കരയുടെ എല്ലാഭാഗത്തുനിന്നുമെത്തിയ വിശ്വാസികളും പങ്കെടുത്തു.
ഐക്യദാര്‍ഡ്യത്തിന്റെ അടയാളമായി യൂഹാനോന്‍ മാര്‍ പീലക്സിനോസ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ജനങ്ങള്‍ ഏറ്റുചൊല്ലി.
മുദ്രാവാക്യംവിളികളാലും മറ്റും വികാരനിര്‍ഭരമായിരുന്നു അന്തരീക്ഷം. ഓമല്ലൂരെ കബറിങ്കല്‍ ഞങ്ങടെ ബാവായാണെങ്കില്‍ അക്കബറാണെ കട്ടായം അന്ത്യോഖ്യയെ മറക്കില്ല, അമ്മയെ മറന്നാലും അന്ത്യോഖ്യയെ മറക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം കൈകോര്‍ത്തുപിടിച്ച് അവരുടെ ഐക്യം പ്രകടിപ്പിച്ചു. മട്ടാഞ്ചേരിയില്‍ 1653ല്‍ പൂര്‍വപിതാക്കള്‍ നടത്തിയ കൂനന്‍ കുരിശുസത്യത്തിനു ശേഷം നടന്ന രണ്ടാം കൂനന്‍ കുരിശുസത്യമായാണ് ബുധനാഴ്ചത്തെ ഈ സമ്മേളനത്തെ പാത്രീയാര്‍ക്കീസ് വിഭാഗം വിശേഷിപ്പിക്കുന്നത്.
അന്ത്യോഖ്യ സിംഹാസനത്തോടും പരിശുദ്ധപാത്രിയാര്‍ക്കീസ് ബാവയോടുമുള്ള കൂറും വിശ്വാസവും പ്രഖ്യാപിക്കുകയായിരുന്നു പുത്തന്‍കുരിശില്‍ നടന്ന സമ്മേളനം.












Click it and Unblock the Notifications