പോട്ടോ ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടു
ദില്ലി: ഭീകര പ്രവര്‍ത്തന നിരോധന ബില്‍ (പോട്ടോ) രാജ്യസഭയില്‍ പരാജയപ്പെട്ടത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി. ലോക്സഭയില്‍ വിജയിച്ച ബില്‍ 15 വോട്ടുകള്‍ക്കാണ് രാജ്യസഭ തള്ളിയത്.
ബില്ലിന് അനുകൂലമായി 98 വോട്ട് ലഭിച്ചപ്പോള്‍ 113 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എന്‍ഡിഎയില്‍ അംഗമല്ലാത്ത എഐഎഡിഎംകെയും എന്‍സിപിയും ബില്ലിനെ അനുകൂലിച്ചെങ്കിലും അത് സര്‍ക്കാരിന് പ്രയോജനം ചെയ്യില്ല.
ബില്ല് പാസാക്കുന്നതിനായി മാര്‍ച്ച് 26ന് പാര്‍ലമെന്റിന്റെ സംയുക്ത യോഗം വിളിക്കുന്നതിന് രാഷ്ട്രപതിയോട് പ്രധാനമന്ത്രി ആവശ്യപ്പെടും.
ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനിയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസിലെ കപില്‍ സിബല്‍ അവതരിപ്പിച്ച പ്രമേയവും ഒരേ സമയത്താണ് സഭ പരിഗണിച്ചത്.
എന്‍ഡിഎ അംഗമായ നാഷണല്‍ കോണ്‍ഫറന്‍സ് വോട്ടെടുപ്പിന് എത്തിയില്ല. അകാലിദള്‍ തോറ വിഭാഗം വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.












Click it and Unblock the Notifications