ചെക്പോസ്റുകള്‍ സ്വകാര്യവത്കരിക്കാന്‍ നിര്‍ദേശം
പാലക്കാട്: ജില്ലയിലെ വാളയാര്‍ അടക്കമുള്ള അഞ്ച് ചെക്ക്പോസ്റുകളുടെ പ്രവര്‍ത്തനം സ്വകാര്യവത്കരിക്കാന്‍ പാലക്കാട് ജില്ലാ കളക്ടര്‍ ഉഷ ടൈറ്റസ് സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
അയല്‍സംസ്ഥാനത്തു നിന്നും ചരക്കുകള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പരിശോധിക്കുകയും നികുതി ശേഖരിക്കുകയും ചെയ്യുന്നത് സ്വകാര്യ വ്യക്തികളെ ഏല്പിക്കാനാണ് നിര്‍ദേശം. സര്‍ക്കാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് ഈ വ്യക്തികള്‍ നികുതി പിരിച്ച് സര്‍ക്കാരിനെ ഏല്പിക്കണം. ഇതിന് കരാര്‍ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കും.
സ്വകാര്യവത്കരിക്കുന്നതിലൂടെ ചെക്പോസ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാരിന് വരുന്ന ചെലവ് കുറയ്ക്കാനാവും. ഇപ്പോള്‍ വില്പന നികുതി വകുപ്പിലെ 120 ജീവനക്കാരാണ് വാളയാര്‍ ചെക്പോസ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. സ്വകാര്യവത്കരണം നടപ്പിലാക്കിയാല്‍ 30 വ്യക്തികളോടൊപ്പം നാല് വില്പന നികുതി ജീവനക്കാരും മാത്രം ജോലി ചെയ്താല്‍ മതിയാവും.
നികുതി വരുമാനം കൂട്ടാമെന്നതിനു പുറമെ ചെക്പോസ്റുകളിലെ അഴിമതി തടയാനുമാവും. ഇപ്പോള്‍ ആറ് മാസത്തേക്കാണ് ചെക്പോസ്റില്‍ ജീവനക്കാര്‍ നിയോഗിക്കപ്പെടുന്നത്. ഇത് അഴിമതിയ്ക്കിടയാക്കുന്നുണ്ട്. ഇടയ്ക്കിടെ ജീവനക്കാരെ മാറ്റുന്നത് അഴിമതി തടയാന്‍ സഹായിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നടന്നപ്പോള്‍ ചെക്പോസ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നതിന്റെ വെളിച്ചത്തിലാണ് കളക്ടര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ചെക്പോസ്റുകളില്‍ ജോലി ചെയ്തവര്‍ മുന്‍പരിചയമില്ലാത്ത കുറച്ചുപേരായിരുന്നെങ്കിലും നികുതിയും പിഴയും കൂടുതലായി ശേഖരിക്കാന്‍ കഴിഞ്ഞു.












Click it and Unblock the Notifications