പോട്ടോ: സംയുക്ത സമ്മേളനം തുടങ്ങി
ദില്ലി : ഭീകരതയ്ക്കെതിരെ നിര്‍ണായക വിജയം നേടണമെങ്കില്‍ പ്രത്യേക നിയമം കൂടിയേ തീരുവെന്ന് എല്‍. കെ. അദ്വാനി. പോട്ടോ പോലൊരു നിയമമില്ലെങ്കില്‍ രണ്ടു ദശാബ്ദമായി തുടരുന്ന ഭീകര വിരുദ്ധ യുദ്ധത്തില്‍ വിജയിക്കാനാകില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. മാര്‍ച്ച് 26 ചൊവാഴ്ച പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പോട്ടോ (ഭീകരപ്രവര്‍ത്തന നിരോധന ബില്‍) ബില്‍ അവതരിപ്പിയ്ക്കുകയായിരുന്നു അദ്ദേഹം.
ഭീകരരെ മുന്നില്‍ നിര്‍ത്തി പതിറ്റാണ്ടുകളായി പാകിസ്താന്‍ ഇന്ത്യയുമായി നിഴല്‍ യുദ്ധം നടത്തുകയാണ്. ജമ്മു കശ്മീരിലെ ഭീകരസംഘടകള്‍ക്ക് പണവും ആയുധങ്ങളും നല്‍കുന്നത് പാകിസ്താനാണ്. അതി ഗുരുതരമായ സാഹചര്യമാണ് രാജ്യം നേരിടുന്നതെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.
സമ്മേളനം രാവിലെ 11 മണിയ്ക്ക് പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളിലാണ് ഇരുസഭകളുടെയും സംയുക്ത സമ്മേളനം ആരംഭിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ പി. എം. സെയ്ദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി ബില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രി വാജ്പേയി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലോക്സഭയില്‍ 100 വോട്ടുകള്‍ക്ക് പാസായ ബില്‍ രാജ്യസഭയില്‍ 15 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. തുടര്‍ന്നാണ് ബില്‍ പാസാക്കുന്നതിന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ്. എന്നാല്‍ പ്രതിപക്ഷത്തു നിന്നും അണ്ണാ ഡിഎംകെയും എന്‍സിപിയും ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഭരണപക്ഷം പ്രതീക്ഷിക്കുന്നു. ബില്ലിനെ എതിര്‍ക്കുന്ന എന്‍ഡിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കും. ലോക്സഭയിലും അവര്‍ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു.
സ്വതന്ത്രഇന്ത്യയിലെ പാര്‍ലമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ മൂന്നാം തവണയാണ് സംയുക്ത സമ്മേളനം ചേരുന്നത്. ഇതിനു മുമ്പ് 1961ല്‍ സ്ത്രീധന നിരോധന ബില്‍ പാസാക്കാനും 1978ല്‍ ബാങ്കിംഗ് കമ്മിഷന്‍ ആക്ട് പിന്‍വലിക്കാനുമാണ് സംയുക്ത സമ്മേളനം ചേര്‍ന്നത്.












Click it and Unblock the Notifications