കേന്ദ്രമന്ത്രിയുടെ ഫോണില്‍ അശ്ലീലക്കിന്നാരം
ദില്ലി : കേന്ദ്രമന്ത്രി ഐഎസ്ഡി നമ്പരുകളില്‍ സൊളളുന്നതായി ആരോപണം. കൊച്ചു വര്‍ത്തമാനമല്ല. നല്ല ചൂടന്‍ എ സംഭാഷണം. കേന്ദ്ര രാസവളം സഹമന്ത്രി സത്യബ്രദ മുഖര്‍ജിയുടെ ഫോണില്‍ നിന്നാണ് വിദേശത്തെ സൊളളല്‍ നമ്പരുകളിലേയ്ക്ക് നിരന്തരമായി വിളികള്‍ പ്രവഹിക്കുന്നത്. ആരോപണമുന്നയിച്ചത് രാജ്യസഭയിലെ സിപിഎം എംപി ഡോ. വിപ്ലവ് ദാസ് ഗുപ്ത.
എംപിയും മന്ത്രിയുമായിരിക്കെ മുഖര്‍ജിയുടെ ഔദ്യോഗിക ഫോണ്‍ നമ്പരായ 3792868-ല്‍ നിന്നും രണ്ടു ലക്ഷത്തോളം രൂപയുടെ അന്താരാഷ്ട്ര സെക്സ് കോളുകള്‍ വിളിച്ച് ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് വിപ്ലവ് ദാസ് ഗുപ്ത ആരോപിക്കുന്നത്. ഇതേക്കുറിച്ചുളള വ്യക്തമായ രേഖകള്‍ തന്റെ കൈവശമുണ്ട്. ആവശ്യം വരുമ്പോള്‍ അവ പുറത്തു വിടുമെന്ന് ഗുപ്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏതാനും കോളുകളെക്കുറിച്ചുളള വിവരങ്ങള്‍ അദ്ദേഹം വാര്‍ത്താ ലേഖകര്‍ക്ക് നല്‍കി.
വിളിക്കുന്നവരെ സെക്സ് സംസാരിച്ച് സുഖിപ്പിക്കുന്ന അനേകം നമ്പരുകള്‍ മാദ്ധ്യമങ്ങളില്‍ പരസ്യം ചെയ്യാറുണ്ട്. അത്തരത്തിലുളള നമ്പരുകളിലാണ് മന്ത്രിയുടെ ഫോണില്‍ നിന്നും കാളുകള്‍ പോയിട്ടുളളത്. 0900111377,090011166 എന്നീ രണ്ടു നമ്പരുകളിലേയ്ക്ക് 2000 ഒക്ടോബര്‍ ഒന്നിന് അഞ്ചു കാളുകള്‍ വീതം വിളിച്ചു. പിറ്റേന്ന് ഇത്തരത്തിലുളള 34 കോളുകളാണ് പോയത്. ഒക്ടോബര്‍ മൂന്നിന് രാത്രി 8.43നും 12നും ഇടയ്ക്ക് 17 കോളുകള്‍ വിളിച്ചിട്ടുണ്ട്.
ഈ ഫോണുകളെല്ലാം മന്ത്രിയാണ് വിളിച്ചതെന്നതിന് വ്യക്തമായ രേഖകളില്ല. എങ്കിലും സ്വന്തം ഫോണ്‍ അശ്ലീല സംഭാഷണത്തിനുപയോഗിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മന്ത്രിയ്ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്ന് ദാസ് ഗുപ്ത ചൂണ്ടിക്കാട്ടി.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആറ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെലവില്‍ മന്ത്രി മുഖര്‍ജി റാണി ഘേട്ടിലേയ്ക്കും തിരുപ്പതിയിലേയ്ക്കും തീര്‍ത്ഥാടനം നടത്തിയതിനും തന്റെ പക്കല്‍ തെളിവുണ്ടെന്ന് സിപിഎം നേതാവ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.












Click it and Unblock the Notifications