ശ്രീലങ്ക: എല്ലാം ഇന്ത്യ അറിയണമെന്ന്
ചെന്നൈ: ശ്രീലങ്കയില്‍ സമാധാനം സ്ഥാപിക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇന്ത്യ അറിയണമെന്ന് നോര്‍വെ സംഘത്തലവന്‍ എറിക് സോളിം. നോര്‍വെയിലേക്ക് മടങ്ങും മുമ്പ് മീനമ്പാക്കം വിമാനത്താവളത്തില്‍ ഇറങ്ങിയ എറിക് സോളിം മാര്‍ച്ച് 28 വ്യാഴാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
ശ്രീലങ്കയില്‍ വംശീയകലാപം തുടങ്ങിയതിനു ശേഷം ആദ്യമായാണ് എല്‍ടിടിഇയും ശ്രീലങ്കന്‍ സര്‍ക്കാരും മുഖാമുഖമിരുന്ന് സമാധാന ചര്‍ച്ച തുടങ്ങാന്‍ പോകുകയാണ്. നോര്‍വെയുടെ മധ്യസ്ഥതയിലായിരിക്കും ചര്‍ച്ച. ശ്രീലങ്കയിലെ സമാധാനചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇന്ത്യയുമായി ഞങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്.- നോര്‍വെ സംഘത്തലവാന്‍ എറിക് സോളിം പറഞ്ഞു.
ശ്രീലങ്കയിലെ വംശീയപ്രശ്നം പരിഹരിക്കാനുള്ള എല്ലാ പ്രധാനഘട്ടങ്ങളെപ്പറ്റിയും ഇന്ത്യ അറിയേണ്ടതുണ്ട്. സമാധാനനടപടികള്‍ക്ക് ഇന്ത്യ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമാധാനചര്‍ച്ചയുടെ എല്ലാ പ്രധാനഘട്ടങ്ങളും ഇന്ത്യയുമായി ചര്‍ച്ചചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം- തമിഴ്നാട്ടിലെ മീനമ്പാക്കം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സോളിം പറഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരുമായി എന്ന്, എവിടെ ചര്‍ച്ച തുടങ്ങുമെന്ന കാര്യങ്ങളൊന്നും സോളിം വ്യക്തമാക്കിയില്ല. ശ്രീലങ്കന്‍ സര്‍ക്കാരും എല്‍ടിടിഇയും പരസ്പരം യുദ്ധം ചെയ്യാന്‍ ഒരുങ്ങി നില്ക്കുകയാണ്. പക്ഷെ ഇരുവരും ഈ സമാധാനദൗത്യത്തെ ഗൗരവത്തോടെയാണ് കാണുന്നത്.- എറിക് സോളിം പറഞ്ഞു.












Click it and Unblock the Notifications