കെഎസ്ഇബി: 20,000 പേരെ സ്ഥലംമാറ്റും
തിരുവനന്തപുരം: സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന വൈദ്യുതിബോര്‍ഡില്‍ 20,000 ജീവനക്കാരെ മെയ്മാസത്തില്‍ സ്ഥലംമാറ്റും. പരിഷ്കാരനടപടികളുടെ ഭാഗമായാണ് ഈ പുനര്‍വിന്യാശമെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
പുനര്‍വിന്യസിക്കേണ്ട ഈ 20,000 ജീവനക്കാരുടെ ലിസ്റ് തയ്യാറാക്കിക്കഴിഞ്ഞു. ഇതിനുള്ള ഔദ്യോഗികനടപടികളും പൂര്‍ത്തിയായി. ഈ നടപടികള്‍ക്ക് ട്രേഡ് യൂണിയനുകളുടെ അംഗീകാരവും ലഭിച്ചുകഴിഞ്ഞു. - മന്ത്രി പറഞ്ഞു.
കെഎസ്ഇബിയില്‍ ഈ മാസത്തെ ശമ്പളം ഒരാഴ്ച വൈകി മാത്രമേ ലഭിക്കൂ. ഓരോ മാസവും ശമ്പളം നല്കാന്‍ വായ്പ എടുക്കേണ്ട സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഓരോ മാസവും കെഎസ്ഇബിയിലെ ആകെ ചെലവ് 404 കോടിയാണ്. ഇതില്‍ 35 കോടി ശമ്പളബില്‍ ആണ്. വരവാകട്ടെ വെറും 200 കോടി മാത്രമാണ്. കെഎസ്ഇബിയുടെ ആകെ കടം 4,000 കോടിയോളം വരും.
അധികജീവനക്കാരുടെ ലിസ്റ് തയ്യാറാക്കിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ നേരത്തെ പിരിഞ്ഞുപോകല്‍ പദ്ധതി(വിആര്‍എസ്)യെക്കുറിച്ച് ആലോചിക്കുന്നില്ല. ഇതിലെ ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാത്ത വിധത്തില്‍ കെഎസ്ഇബിലെ പൊതുമേഖലയില്‍ തന്നെ, നല്ലൊരു സേവനക്കമ്പനിയായി നിലനിര്‍ത്താനാണ് ആലോചിക്കുന്നത്. സ്വകാര്യമേഖലയില്‍ ചെറിയ ജലവൈദ്യുതപദ്ധതികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുന്നുണ്ട്. ഈ പദ്ധതികള്‍ അംഗീകാരത്തിനായി മന്ത്രിസഭായോഗത്തില്‍ വയ്ക്കും.- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications