അയോധ്യ: ദിവസേന വാദം കേള്‍ക്കല്‍ തുടങ്ങി
ലഖ്നോ: രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കഭൂമി സംബന്ധിച്ച കേസില്‍ ദിവസേന വാദം കേള്‍ക്കാന്‍ അലഹാബാദ് ഹൈക്കോടതി നിയോഗിച്ച കമ്മീഷന്‍ സാക്ഷികളില്‍ നിന്നും മൊഴിയെടുത്ത് തുടങ്ങി. സുന്നി വഖഫ് ബോര്‍ഡിന്റെ സാക്ഷി ചൗധരി സിബ്തേ മൊഹമ്മദ് നഖ്വിയില്‍ നിന്നാണ് ഏപ്രില്‍ ഒന്ന് തിങ്കളാഴ്ച മൊഴിയെടുത്തത്.
നഖ്വിയെ രാമജന്മഭൂമി ട്രസ്റ് പ്രസിഡന്റ് രാം ചന്ദ്ര ദാസിന്റെ അഭിഭാഷകര്‍ ക്രോസ്വിസ്താരം നടത്തി. സുന്നി വഖഫ് ബോര്‍ഡിന്റെ 25ാം സാക്ഷിയാണ് നഖ്വി. വഖഫ് ബോര്‍ഡിന്റെ 26ാം സാക്ഷിയായി സഫര്‍യബ് ജിലാനി ഹാജരാകും. വഖഫ് ബോര്‍ഡിന് വേണ്ടി 30 സാക്ഷികള്‍ ഹാജരാകും.
ദിവസേന വാദം കേള്‍ക്കാന്‍ അലഹബാദ് കോടതി പ്രത്യേക കമ്മീഷനെ നിയോഗിച്ചത് ഈ കേസ് വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായകരമാകുമെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ ജിലാനി പറഞ്ഞു. സാക്ഷികളില്‍ നിന്നുള്ള മൊഴിയെടുക്കല്‍ അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാര്‍ച്ച് 21നാണ് അയോധ്യാകേസില്‍ ദിവസേന വാദം കേള്‍ക്കാന്‍ പ്രത്യേകകമ്മീഷനെ നിയോഗിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി ഉത്തരവായത്.












Click it and Unblock the Notifications