സിക്കന്തര്‍ ഭക്ത് കേരളാ ഗവര്‍ണര്‍
ദില്ലി : ബിജെപി നേതാവ് സിക്കന്തര്‍ ഭക്തിനെ കേരളാ ഗവര്‍ണറായി നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രിയായ ഭക്തിനെ സംസ്ഥാന ഗവര്‍ണറായി നിയമിച്ചു കൊണ്ടുളള രാഷ്ട്രപതി ഭവന്‍ വിജ്ഞാപനം ചൊവാഴ്ച പുറപ്പെടുവിച്ചു.
ഇപ്പോള്‍ രാജ്യസഭാംഗമാണ് സിക്കന്തര്‍ ഭക്ത്. 84 വയസുളള ഭക്തിന്റെ രാജ്യസഭിയലെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കും. ബിജെപിയുടെ മുസ്ലീം മുഖമായാണ് അറിയപ്പെടുന്ന ഭക്ത് ജനിച്ചത് മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് കോണ്‍ഗ്രസിലൂടെയും. 1969 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ നിജലിംഗപ്പയുടെ സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗത്തായിരുന്നു.
1977ല്‍ ജനതാപാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അദ്ദേഹം മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നഗര വികസന ഭവന നിര്‍മ്മാണ മന്ത്രിയായിരുന്നു. പിന്നീട് ബിജെപി രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദങ്ങള്‍ അലങ്കരിച്ചു. ദില്ലിയില്‍ നിന്നും അദ്ദേഹം ലോക്സഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1990ല്‍ രാജ്യസഭാംഗമായ അദ്ദേഹം 1992 മുതല്‍ അവിടുത്തെ പ്രതിപക്ഷ നേതാവും ആയിരുന്നു.
1999ലെ 13 ദിവസത്തെ വാജ്പേയി മന്ത്രിസഭയില്‍ അംഗമായത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം തനിക്ക് നഗരവികസന വകുപ്പാണെന്നറിഞ്ഞതോടെ പ്രധാനമന്ത്രിയോട് പിണങ്ങി ഭക്ത് ചാര്‍ജെടുക്കാന്‍ ഓഫീസില്‍ പോയില്ല. തുടര്‍ന്ന് അഞ്ചു ദിവസത്തിനു ശേഷം അദ്വാനി ഇടപെട്ട് വിദേശകാര്യമന്ത്രിയാക്കിയ ശേഷമാണ് അദ്ദേഹം സ്ഥാനമേറ്റത്. അന്നു മുതല്‍ ഭക്തും വാജ്പേയിയുമായി നല്ല ബന്ധത്തിലല്ല.
ഇപ്പോഴത്തെ വാജ്പേയി മന്ത്രിസഭയില്‍ കാബിനറ്റ് റാങ്ക് പ്രതീക്ഷിച്ചിരുന്നയാളാണ് സിക്കന്തര്‍ ഭക്ത്. എന്നാല്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ വാജ്പേയി തയ്യാറായില്ല. ജസ്വന്ത് സിംഗ് രാജ്യസഭാ നേതാവായതോടെ അദ്ദേഹത്തിന് ആ സ്ഥാനവും നഷ്ടമായി. പിന്നീട് കുറേ നാള്‍ വനവാസത്തിലായിരുന്ന സിക്കന്തര്‍ ഭക്ത് പിന്നീട്് ഗള്‍ഫിലേയ്ക്കു പോയ പ്രത്യേക എംപി സംഘത്തിന്റെ തലവനായാണ്. പാര്‍ലമെന്റാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വിദേശ ഭരണാധികാരികളെ ഏല്‍പ്പിക്കുക എന്നതായിരുന്നു ദൗത്യം.
സ്ഥാനമൊന്നും ലഭിക്കാതെ ഏറെക്കാലം അസംതൃപ്തനായി കഴിയുകയായിരുന്നു സിക്കന്തര്‍ ഭക്ത്. മന്ത്രിസഭയില്‍ സ്ഥാനം കിട്ടാത്തവര്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ് ഗവര്‍ണര്‍ സ്ഥാനമെന്ന കോണ്‍ഗ്രസ് സിദ്ധാന്തം അതുപോലെ പിന്തുടരുകയാണ് വാജ്പേയിയും. രാജ് ശര്‍മ്മയാണ് ഭക്തിന്റെ ഭാര്യ. മക്കള്‍ രണ്ടു പേര്‍.


Click it and Unblock the Notifications