പുതിയ സംവിധായകരെ പ്രോത്സാഹിപ്പിക്കും: ഹേമമാലിനി
തിരുവനന്തപുരം: പുതിയ ചലച്ചിത്ര സംവിധായകര്‍ക്ക് എല്ലാ വിധ പ്രോത്സാഹനവും നാഷണല്‍ ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) നല്‍കുമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ഹേമമാലിനി അറിയിച്ചു.
നല്ല തിരക്കഥയെ എന്‍എഫ്ഡസി എപ്പോഴും സ്വാഗതം ചെയ്യും. ചലച്ചിത്ര നിര്‍മാണത്തിന് പണം നല്‍കുന്നതില്‍ വളരെ ഉദാരമായ സമീപനമാണ് എന്‍എഫ്ഡിസി കൈകൊള്ളുന്നത്- ഹേമമാലിനി പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഹേമമാലിനി.
കച്ചവടപരമായി വിജയിക്കാന്‍ സഹായിക്കുന്ന ചേരുവകള്‍ കൂടി ചേര്‍ക്കുന്ന സിനിമകള്‍ നിര്‍മിക്കുന്നതിനെയാണ് തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. പാട്ടുകളും മറ്റും ചേര്‍ക്കുമ്പോള്‍ ജനങ്ങള്‍ ചിത്രത്തെ സ്വീകരിക്കും. കമ്പോളത്തിലെ വിജയത്തിന് ഇത് സഹായിക്കും.
ജമീല എന്ന ചിത്രം എന്‍എഫ്ഡിസി നിര്‍മിച്ച് വിജയിച്ച സിനിമയാണ്. ഈ ചലച്ചിത്രമേളയില്‍ എന്‍എഫ്ഡിസി നിര്‍മിച്ച എക്തി നാദിര്‍ നാം, തുകാദബ്ദാന്‍, കാലി സല്‍വാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നല്ല തിരക്കഥയ്ക്ക് ഒരു കോടി രൂപ വരെ പണം മുടക്കാവുന്നതാണ്. രവീണ ടണ്ടന്‍ നല്ല ചില തിരക്കഥകളുമായി എന്‍എഫ്ഡിസിയെ സമീപിച്ചിട്ടുണ്ട്. നല്ല സിനിമയ്ക്ക് പണം ഒരു പരിമിതിയാവരുത്- ഹേമമാലിനി പറഞ്ഞു.












Click it and Unblock the Notifications