കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കം നേര്‍ക്കു നേര്‍ ; അമ്പുകള്‍ ആവോളം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ഒടുവില്‍ അവര്‍ ഏറ്റുമുട്ടി, നേരിട്ടു തന്നെ. പറയാനുളളത് പരസ്പരം മുഖത്തു നോക്കി പറഞ്ഞപ്പോള്‍ ഇരുവര്‍ക്കും ആശ്വാസമായിക്കാണും. കെപിസിസി യോഗമാണ് വേദി. കൊണ്ടും കൊടുത്തും കസറിയത് പാരമ്പര്യ വൈരികളായ ആന്റണിയും കരുണാകരനും.

കാരണവരോട് പരസ്യമായി കാണിക്കുന്ന ബഹുമാനമൊന്നും യോഗത്തില്‍ ആന്റണി കാണിച്ചില്ലെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം മറയാക്കി തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ ലീഡറെ മുഖ്യമന്ത്രി ശരിക്കും കൈകാര്യം ചെയ്തു.

ആന്റണിയ്ക്കു മുമ്പേ സംസാരിച്ച കരുണാകരന്‍ പരാതികളൊന്നും മറച്ചു വച്ചില്ല. സോണിയാ ഗാന്ധിയെ വരെ ആക്ഷേപിച്ചാണത്രേ ലീഡര്‍ കത്തിക്കയറിയത്. ദില്ലി കോര്‍പറേഷനില്‍ വിജയിച്ചെന്നു കരുതി ഏറെ അഹങ്കരിക്കേണ്ടെന്നുളള അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ഏതായാലും ആന്റണിയോടല്ല. അടുത്തിടെ ദില്ലിയില്‍ പോയപ്പോള്‍ ശരത് പവാര്‍ തന്നോടു ചില കാര്യങ്ങള്‍ പറഞ്ഞുവെന്നും അതെല്ലാം ഇപ്പോഴും പ്രസക്തമാണെന്നും ലീഡര്‍ വച്ചു കാച്ചിയതു കേട്ട ചിലര്‍ക്കെങ്കിലും പഴയ ആനപ്പുറവും തഴമ്പും ഓര്‍മ്മ വന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ പിടിച്ചാണ് കരുണാകരന്‍ വിമര്‍ശനം തുടങ്ങിയത്. ജീവനക്കാരെ ശത്രുപക്ഷത്തു നിര്‍ത്തി സല്‍ ഭരണം കാഴ്ച വയ്ക്കാമെന്നു വ്യാമോഹിക്കുന്നവര്‍ക്ക് ഭരണത്തിന്റെ വ്യാകരണം അറിയില്ലെന്ന് ലീഡര്‍ സമര്‍ത്ഥിച്ചു. സമരത്തെ കൈകാര്യം ചെയ്ത രീതിയോട് തനിക്ക് ഇപ്പോഴും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പണ്ട് ആഭ്യന്തര മന്ത്രിയായിരുന്ന വേളയില്‍ ഇലക്ട്രിസിറ്റി ജീവനക്കാരുടെ സമരത്തെ താന്‍ നേരിട്ട രീതി ലീഡര്‍ ചൂണ്ടിക്കാട്ടി. സമരം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഈ രീതി കണ്ടു പഠിക്കാന്‍ അദ്ദേഹം ആന്റണിയെ ഉപദേശിച്ചു.

സമരകാലത്ത് കെപിസിസി പ്രസിഡന്റില്‍ നിന്നു ലഭിച്ച പിന്തുണ തനിക്ക് എല്ലാവരില്‍ നിന്നും ലഭിച്ചില്ലെന്നാണ് ആന്റണി തിരിച്ചടിച്ചത്. സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കിയത് ആരെന്ന് ജനത്തിനറിയാമെന്നും ആന്റണി പറഞ്ഞു വച്ചു. എല്ലാ സത്യങ്ങളും താന്‍ തുറന്നു പറയാമെന്നും അതിന് രണ്ടു ദിവസത്തെ യോഗം വിളിക്കണമെന്നും ആന്റണി നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു.

കോഴിക്കോട് ഡിസിസി പ്രസിഡന്റിന്റെ അറസ്റും യോഗത്തില്‍ തീപ്പൊരി ചിതറി. പൊലീസിനെ നിലയ്ക്കു നിര്‍ത്തണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കരുണാകരന്‍ മുതല്‍ അറസ്റിനു വിധേയനായ അഡ്വ. വീരാന്‍ കുട്ടി വരെ പരാതിപ്പെട്ടു.

ഈ വിമര്‍ശനവും ആന്റണി സമര്‍ത്ഥമായി നേരിട്ടു. അറസ്റ് നിര്‍ഭാഗ്യകരമായെന്നു സമ്മതിച്ച അദ്ദേഹം പക്ഷേ, ഒരു ഗൂഡാലോചനയുടെ ഫലമായാണ് അതു നടന്നതെന്ന് പറഞ്ഞു. ആരാണ് അതിനു പിന്നിലെന്നു പറഞ്ഞില്ലെങ്കിലും അമ്പ് ലീഡര്‍ക്കെതിരെ തന്നെയായിരുന്നു.

അഫ്ഗാന്‍ യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ രാജ്യമാകെ പ്രകടനങ്ങള്‍ നിരോധിച്ച സമയത്തായിരുന്നു നിരോധിത മേഖലയില്‍ കൂടിയുളള വീരാന്‍ കുട്ടിയുടെ പ്രകടനം. പ്രകടനം തടഞ്ഞാല്‍ നിയമം ലംഘിക്കുമെന്ന് തലേ ദിവസം അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടി പ്രസ്താവിക്കുകയും ചെയ്തു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുളള ആസൂത്രിതമായ നീക്കമായിരുന്നു ഇത്. ഭരണത്തിലുളള പാര്‍ട്ടിയുടെ നേതാക്കള്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും കൂടി ആന്റണി ആവശ്യപ്പെട്ടപ്പോള്‍ എല്ലാം തികഞ്ഞു.

എന്നാല്‍ ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരെയും ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയും ഉയര്‍ന്ന വിമര്‍ശനത്തെ പ്രതിരോധിക്കുന്നതില്‍ ആന്റണി പരാജയപ്പെട്ടു. ധനകാര്യമന്ത്രി കെ. ശങ്കരനാരായണനെ ഗ്രൂപ്പു ഭേദമന്യെ കോണ്‍ഗ്രസ് നേതാക്കള്‍ കൊത്തിക്കീറി. ഇത്രയും കഴിവുകെട്ട ഒരു മന്ത്രിയില്ലെന്നായിരുന്നു പൊതുവെയുളള വിമര്‍ശനം.

എഡിബി വായ്പാ പ്രശ്നത്തില്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ച നടത്താത്തതിലും നേതാക്കള്‍ പ്രതിഷേധിച്ചു. ഘടകകക്ഷി മന്ത്രിമാര്‍, പ്രത്യേകിച്ച് എം. വി. രാഘവന്‍, ഒറ്റയാന്‍ ശൈലിയാണ് പിന്തുടരുന്നതെന്നും കോണ്‍ഗ്രസിനെ ഒതുക്കാന്‍ ശ്രമിക്കുന്നെന്നും ആരോപണമുയര്‍ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X