കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം കണ്‍ട്രോള്‍ കമ്മിഷന്റെ ചിറകരിയുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി : ഒടുവില്‍ കണ്‍ട്രോള്‍ കമ്മിഷന്റെ ചിറകരിയാന്‍ സിപിഎം തീരുമാനിച്ചു. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയ്ക്ക് വിധേയമായിട്ടായിരിക്കും ഇനി കണ്‍ട്രോള്‍ കമ്മിഷന്‍ പ്രവര്‍ത്തിക്കുക. 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച ഭേദഗതിയനുസരിച്ച് കണ്‍ട്രോള്‍ കമ്മിഷന് സ്വതന്ത്ര പദവിയായിരുന്നു. ഈ പദവി ഇനി ഉണ്ടാകില്ല.

ഏപ്രില്‍ 18, 19 തീയതികളില്‍ നടക്കുന്ന കേന്ദ്രക്കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും ഇതു സംബന്ധിച്ച അവസാന തീരുമാനമെടുക്കും.

പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ നിന്നും പുറത്താക്കപ്പെട്ട അപ്പുക്കുട്ടന്‍ വളളിക്കുന്ന്, വി. ബി. ചെറിയാന്‍ തുടങ്ങിയവരെ തിരിച്ചെടുക്കണമെന്ന് ശിപാര്‍ശ ചെയ്തതോടെയാണ് കണ്‍ട്രോള്‍ കമ്മിഷന്‍ മാദ്ധ്യമ ശ്രദ്ധയാകര്‍ഷിച്ചത്. ബംഗാളില്‍ നിന്നുളള സമര്‍ മുഖര്‍ജിയായിരുന്നു കമ്മിഷന്‍ ചെയര്‍മാന്‍. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ കേരള സംസ്ഥാനക്കമ്മിറ്റി തയ്യാറായില്ല. പുറത്തായവര്‍ പുറത്തു തന്നെ എന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പെടെ പരസ്യമായി സ്വീകരിച്ചത്.

കണ്‍ട്രോള്‍ കമ്മിഷന്റെ തീരുമാനങ്ങള്‍ അതേ പടി നടപ്പാക്കണമെന്നാണ് പാര്‍ട്ടി ഭരണഘടന നിര്‍ദ്ദേശിക്കുന്നത്. ഒരു കാരണവശാലും ഈ തീരുമാനം നടപ്പാക്കാനാവില്ലെന്ന കേരള ഘടകത്തിന്റെ നിലപാടിനൊപ്പമായിരുന്നു കേന്ദ്ര നേതൃത്വവും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുര്‍ജിത്തും കേരളത്തോടൊപ്പം നിന്നു. എന്നാല്‍ ജ്യോതിബസുവുള്‍പ്പെടെ പലരും തീരുമാനം നടപ്പാക്കണമെന്ന അഭിപ്രായക്കാരായിരുന്നു.

കണ്‍ട്രോള്‍ കമ്മഷന്‍ ശിപാര്‍ശകള്‍ ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസും തളളിക്കളഞ്ഞു. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കമ്മിഷന്റെ പദവി പുനപ്പരിശോധിക്കാനുളള നിര്‍ദ്ദേശവും സമര്‍പ്പിച്ചു. കണ്‍ട്രോള്‍ കമ്മിഷന്റെ അധികാര പദവിയും നിര്‍വചനവും ആഴത്തില്‍ പഠിച്ച് പരിഹരിക്കാന്‍ കേന്ദ്രക്കമ്മിറ്റിയോട് പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്നു എന്നാണ് ഈ നിര്‍ദ്ദേശം.

ഈ നിര്‍ദ്ദേശത്തിന്റെ ചുവടു പിടിച്ചാണ് കമ്മിഷനെ കേന്ദ്രക്കമ്മിറ്റിയുടെ കീഴ്ഘടകമാക്കാനുളള ശ്രമം നടക്കുന്നത്. ഇതിനു വേണ്ടിയുളള ഭരണാഘടനാ ഭേദഗതി അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചാല്‍ മതി. അതുവരെ ഭരണഘടനാപരമായി കണ്‍ട്രോള്‍ കമ്മിഷന് സ്വതന്ത്ര പദവിയുണ്ടാകും. എന്നാല്‍ ഇതു പ്രയോഗത്തില്‍ ഉണ്ടാകില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X