കുറ്റപത്രത്തിനു ശേഷവും രേഖകള്‍ സമര്‍പ്പിക്കാം
ദില്ലി : കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷവും അന്വേഷണ ഏജന്‍സിയ്ക്ക് കേസ് സംബന്ധിച്ച രേഖകള്‍ വിചാരണ കോടതിയില്‍ ഹാജരാക്കാമെന്ന് സുപ്രീം കോടതി. ഓഹരി കുംഭകോണത്തെ സംബന്ധിക്കുന്ന കേസില്‍ സിബിഐ നല്കിയ ഒരു അപ്പീലിന്മേലാണ് ഈ സുപ്രീംകോടതി വിധി.
കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന സിബിഐ ആവശ്യം തളളിക്കളഞ്ഞ മുംബൈ പ്രത്യേക കോടതിവിധിയ്ക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തന്നെ അതു തെളിയിക്കാന്‍ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കേണ്ടതാണ്. എന്നു വച്ച് പിന്നീട് കേസ് സംബന്ധിച്ച രേഖകളൊന്നും ഹാജരാക്കാന്‍ നിരോധനമൊന്നുമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ജസ്റിസുമാരായ എം. ബി. ഷാ, ബ്രിജേഷ് കുമാര്‍, ധര്‍മാധികാരി എന്നിവരടങ്ങിയ ബഞ്ചാണ് സുപ്രധാനമായ ഈ വിധി പ്രസ്താവിച്ചത്.
ബൊഫോഴ്സ് കേസിലും ചില ഫയലുകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് സിബിഐ അറിയിച്ചു. ഇതും ഹാജരാക്കാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കുന്ന വേളയില്‍ ഏതെങ്കിലും കാരണത്താല്‍ ചില ഫയലുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോടതിയുടെ അനുവാദത്തോടെ അവ കൂട്ടിച്ചേര്‍ക്കാമെന്ന് ജസ്റിസ് ഷാ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications