നഷ്ടത്തിലാണോ, ഇനി സര്‍ക്കാര്‍ ഫണ്ടില്ല
തിരുവനന്തപുരം : നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇനി ഫണ്ട് നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വ്യവസായ സംരംഭ പരിഷ്ക്കരണ സമിതി തയ്യാറാക്കിയ പൊതു മേഖലാ സമീപന രേഖ മന്ത്രി പുറത്തിറക്കി. സമാന സ്ഥാപനങ്ങളുടെ ലയനം, സ്വകാര്യ പങ്കാളിത്തം, ഘട്ടം ഘട്ടമായി തൊഴിലാളികളുടെ എണ്ണം കുറയ്ക്കല്‍ എന്നിവ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി.
സമീപന രേഖയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ പുനസംഘടിപ്പിക്കും. സമയ ബന്ധിതമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കും. നഷ്ടത്തിലായ സ്ഥാപനങ്ങള്‍ പൂട്ടുന്നത് അവസാനത്തെ നടപടിയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരിക്കല്‍ പൂട്ടുന്ന സ്ഥാപനങ്ങള്‍ എന്തു സമ്മര്‍ദ്ദമുണ്ടായാലും പിന്നീട് തുറക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ന്യായമായ നിരക്കില്‍ ഗുണമേന്മയുളള സേവനം നല്‍കത്തക്ക തരത്തില്‍ വൈദ്യുതി ബോര്‍ഡും കെഎസ്ആര്‍ടിസിയും പുനസംഘടിപ്പിക്കും.
സംസ്ഥാനത്ത് ആകെ 111 പൊതുമേഖലാ സ്ഥാപനങ്ങളാണുളളത്. 63 എണ്ണം ഉല്‍പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ആകെയുളളതിന്റെ 75 ശതമാനവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആകെ നഷ്ടം 2,847 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങള്‍ നിലനിര്‍ത്താനായി തൊഴിലാളിയ്ക്ക് ശരാശരി 40,000 രൂപ പ്രതിവര്‍ഷം സര്‍ക്കാര്‍ ചെലവഴിക്കുന്നതായി കണക്കാക്കപ്പെടുന്നു.












Click it and Unblock the Notifications