അബു സുബെയ്ദിനെ വിട്ടുകൊടുക്കില്ല: യുഎസ്
വാഷിംഗ്ടണ്‍: ഈയിടെ പാകിസ്ഥാനില്‍ നിന്നും പിടികൂടിയ അബു സുബെയ്ദ എന്ന അല്‍ക്വെയ്ദ നേതാവിനെ ചോദ്യം ചെയ്യാനായി മൂന്നാമതൊരു രാജ്യത്തിന് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് യുഎസ്. ഇപ്പോള്‍ യുഎസ് കസ്റഡിയിലാണ് ഒസാമ ബിന്‍ ലാദന്റെ അടുത്ത അനുയായിയായ അബു സുബെയ്ദ.
അബു സുബെയ്ദയെ മൂന്നാമതൊരു രാജ്യം ചോദ്യം ചെയ്യണമെന്ന മാധ്യമപ്രതിനിധികളുടെ അഭിപ്രായങ്ങളെ യുഎസ് പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് തള്ളിക്കളഞ്ഞു. അത്തരമൊരു അഭിപ്രായം തെറ്റാണ്, അത് നടപ്പാവുകയുമില്ല.- റംസ്ഫീല്‍ഡ് പറഞ്ഞു.
സുബെയ്ദയെ എന്തുചെയ്യണമെന്ന കാര്യത്തില്‍ ബുഷ് ഭരണകൂടത്തിനകത്ത് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അഭിപ്രായത്തെയും റംസ്ഫീല്‍ഡ് വിമര്‍ശിച്ചു. എനിക്കറിയാവുന്നിടത്തോളം ഈ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ചര്‍ച്ചകളും നടക്കുന്നില്ല. 3,000 അമേരിക്കക്കാരുടെ മരണത്തിനിടയാക്കിയ ഒസാമ ബിന്‍ ലാദന്റെ അടുത്ത അനുയായിയാണ് അബു സുബെയ്ദ. - റംസ്ഫീല്‍ഡ് പറഞ്ഞു.
അബു സുബെയദയെ അമേരിക്ക ചോദ്യം ചെയ്യും. സുബെയ്ദ എവിടെയാണെന്ന ചോദ്യത്തിന് റംസ്ഫീല്‍ഡ് മറുപടി പറഞ്ഞില്ല. അതേ സമയം കഴിഞ്ഞയാഴ്ച യുഎസ്-പാക്സേന സംയുക്തമായി ഫൈസലാബാദില്‍ നടത്തിയ റെയ്ഡില്‍ പിടികൂടുന്നതിനു മുമ്പെ സുബെയ്ദയ്ക്ക് പരിക്കേറ്റിരുന്നുവെന്നും റംസ്ഫീല്‍ഡ് പറഞ്ഞു.












Click it and Unblock the Notifications