ആസ്മിയെ തമിഴ്നാട് വിട്ടുകൊടുക്കുമോ?
ചെന്നൈ: ആസ്മി എന്ന പെണ്‍കുട്ടിയുടെ പ്രേമവും ഒളിച്ചോട്ടവും രണ്ടു രാജ്യങ്ങളുടെ അഭിമാനപ്രശ്നമായി മാറുന്നു. കുവൈറ്റില്‍ നിന്നും കാമുകനോടൊപ്പം ചെന്നൈയിലേക്ക് ഒളിച്ചോടിയ ദലാല്‍ ഫലാഗ് അല്‍ ആസ്മിയെ കാണാന്‍ കുവൈറ്റില്‍ നിന്നും സര്‍ക്കാര്‍ പ്രതിനിധി ചെന്നൈയിലെത്തി. ദില്ലിയിലെ കുവൈറ്റ് എംബസിയിലുള്ള കൗണ്‍സിലര്‍ അല്‍ ഖറുനിയാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തിയത്.
ആസ്മിയെ കാണാനും കുവൈറ്റിലേക്ക് മടങ്ങാന്‍ താല്പര്യമുണ്ടോ എന്നറിയാനുമാണ് താന്‍ വന്നതെന്ന് അല്‍ ഖറുനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ തമിഴ്നാട് പൊലീസ് തന്നോട് സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആസ്മിയെ കണ്ടെത്താനും സംസാരിക്കാനും സഹായിക്കാന്‍ ഇപ്പോള്‍ ചെങ്കല്‍പെട്ട് ഈസ്റ് പൊലീസ് സ്റേഷനിലെ പൊലീസ് സൂപ്രണ്ടിനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് അല്‍ ഖറുനി. ആസ്മിയെ കാണാനായി രണ്ടു ദിവസം കൂടി താന്‍ ചെന്നൈയില്‍ തങ്ങുമെന്നും ഖറുനി പറഞ്ഞു.
രാജ്യത്ത് നിന്നും ഒളിച്ചുകടന്നതിനാല്‍ ഇനി തിരിച്ചുചെന്നാല്‍ ആസ്മിയെ കല്ലെറിഞ്ഞുകൊല്ലുമെന്ന പ്രചാരണത്തില്‍ വലിയ കഴമ്പൊന്നുമില്ലെന്നും ഖറുനി വ്യക്തമാക്കി.
ആസ്മിയുടെ വീട്ടിലെ ഡ്രൈവറായി ജോലിചെയ്ത ഖാദര്‍ ബാഷയോടൊപ്പമാണ് വ്യാജപാസ്പോര്‍ട്ടുണ്ടാക്കി ആസ്മി ഇന്ത്യയിലേക്ക് ഒളിച്ചുവന്നത്. എന്നാല്‍ വ്യാജപാസ്പോര്‍ട്ടായതിനാല്‍ ആസ്മിയെ ചെന്നൈ വിമാനത്താവളത്തില്‍ കസ്റംസ് അധികൃതര്‍ പിടികൂടി. തുടര്‍ന്ന് ജയിലിലായിരുന്ന ആസ്മിയ്ക്ക് തമിഴ് മുഖ്യമന്ത്രി ജയലളിതയുടെ പ്രത്യേക നിര്‍ദേശപ്രകാരം ജാമ്യം നല്കുകയായിരുന്നു. ഇപ്പോള്‍ ബാഷ-ആസ്മി ദമ്പതികളുടെ വിവാഹവും താന്‍ നടത്തിക്കൊടുക്കുമെന്ന് ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്.
ആസ്മിയെ കുവൈറ്റിന് വിട്ടുകൊടുക്കരുതെന്ന് ജയലളിതയുടെ അഭ്യര്‍ത്ഥനയോട് കേന്ദ്രആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയും അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. ആസ്മിയെ കാണാന്‍ പോലും തമിഴ്നാട് അനുവദിച്ചില്ലെങ്കില്‍ എന്തായിരിക്കും കുവൈറ്റ് സര്‍ക്കാരിന്റെ അടുത്ത നീക്കമെന്നാണ് അറിയാനുള്ളത്.












Click it and Unblock the Notifications