കരുണാകരന്റെ പ്രസംഗം വിവാദമാകുന്നു
തിരുവനന്തപുരം: കരുണാകരന്‍ നേതൃയോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ സോണിയയെ വിമര്‍ശിച്ചെന്ന് ആരോപണം. കരുണാകരന്റെ ഈ പ്രസംഗം സോണിയയെ നേരിട്ടറിയിക്കാന്‍ എ ഗ്രൂപ്പ് നേതാക്കള്‍ ആലോചിക്കുന്നു.
വയലാര്‍ രവിയ്ക്കെതിരെ കരുണാകരന്‍ നടത്തിയ വിമര്‍ശനത്തിലാണ് സോണിയയ്ക്കെതിരെ ചാട്ടുളിപ്രയോഗമുള്ളത്. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഉടന്‍ അധികാരത്തില്‍ വരുമെന്ന വയലാര്‍രവിയുടെ പ്രസംഗത്തെ നിര്‍വീര്യമാക്കാന്‍ കരുണാകരന്‍ ദില്ലിയിലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലമാണ് പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. ദില്ലി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം കണ്ടാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു കരുണാകരന്റെ മറുപടി.
യുപിയില്‍ കോണ്‍ഗ്രസ് ആറാമതായത് ഏഴാമതായി മറ്റാരുമില്ലാതിരുന്നതിനാലാണെന്നും കരുണാകരന്‍ പ്രസംഗിച്ചെന്ന് എഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ശരത്പവാര്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്നും കരുണാകരന്‍ പ്രസംഗത്തില്‍ തുറന്നടിച്ചത്രെ. സോണിയയോടുള്ള എതിര്‍പ്പിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയ ആളാണ് പവാര്‍. ആ പവാറിനെ കരുണാകരന്‍ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നതു വഴി പരോക്ഷമായി സോണിയയെ ആക്രമിക്കുകയാണ് ചെയ്തതെന്നും ആന്റണി പക്ഷത്തെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
കരുണാകരനെതിരെ വീണ്ടും അച്ചടക്കലംഘനപരാതി ദില്ലിയിലേക്ക് പോകുമെന്നാണ് തലസ്ഥാനത്തെ സംസാരം.












Click it and Unblock the Notifications