മേധാ പട്കര്‍ക്ക് മര്‍ദ്ദനമേറ്റു
അഹമ്മദാബാദ്: നര്‍മ്മദ ബചാവോ ആന്തോളന്‍ നേതാവ് മേധാപട്കരെ യുവബിജെപി നേതാവിന്റെ നേതൃത്വത്തിലുള്ള അക്രമികള്‍ മര്‍ദ്ദിച്ചു. ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമത്തില്‍ ഏപ്രില്‍ ഏഴ് ഞായറാഴ്ച വര്‍ഗീയ കലാപത്തെക്കുറിച്ച് പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മേധാപട്കറെ ഒരു സംഘം ആക്രമിച്ചത്.
തുടര്‍ന്ന് അക്രമികളെ തുരത്താന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പത്രപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബിജെപി യുവജനവിഭാഗം പ്രസിഡന്റ് അമിത് താക്കറുടെ നേതൃത്വത്തിലുള്ള സംഘമാണ് മേധാപട്കറെ ആക്രമിച്ചത്.
ആശ്രമത്തില്‍ ഒരു സമാധാനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മേധാപട്കര്‍. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മേധാപട്കര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഒരു സംഘം ആശ്രമത്തിലേക്ക് ഇരച്ചുകയറിയത്. മേധാപട്കര്‍ക്ക് ഗുജറാത്തില്‍ കാര്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ മേധയ്ക്കെതിരെ അതിക്രമം നടത്തിയത്.
ഞങ്ങള്‍ക്ക് വെള്ളം നിഷേധിച്ച അവരിപ്പോള്‍ സമാധാനം തരാന്‍ വന്നിരിക്കുകയാണ് എന്നും പ്രവര്‍ത്തകര്‍ പുച്ഛത്തോടെ വിളിച്ചുപറയുന്നത് കേള്‍ക്കാമായിരുന്നു. ഉടനെ മേധയെ പൊലീസ് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അക്രമികള്‍ പിരിഞ്ഞുപോയില്ല. ഇതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. എന്‍ഡിടിവി ക്യാമറാമാന്‍ പ്രണാബ് ജോഷിയടക്കം ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്കും ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ശിവാനന്ദ് ജാ ക്ഷമ ചോദിച്ചു. ഗുജറാത്തിന് കുടിവെള്ളമെത്തിക്കാനുള്ള സര്‍ദാര്‍ സരോവര്‍ പദ്ധതിയെ വൈകിക്കുന്നു എന്നാണ് അക്രമികള്‍ മേധയ്ക്കെതിരെ ഉയര്‍ത്തുന്ന ആരോപണം. ഗുജറാത്തിന് കുടിവെള്ളം നിഷേധിക്കുന്ന മേധ ഗാന്ധിജിയുടെ ആശ്രമത്തിന്റെ വിശുദ്ധി കെടുത്തുകയാണെന്നും അക്രമികള്‍ ആരോപിച്ചു.












Click it and Unblock the Notifications