അല്‍ അസ്മി ഇന്ത്യയില്‍ താമസിച്ചോട്ടെ : കുവൈറ്റ്
ദില്ലി : ഒളിച്ചോടിയ കുവൈറ്റ് പെണ്‍കുട്ടിയെ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് കുവൈറ്റ്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയില്‍ കുവൈറ്റിനു വിശ്വാസമുണ്ടെന്നും എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തില്‍ പോറലേല്‍പ്പിക്കാതെ നോക്കണമെന്നും ഇന്ത്യയിലെ കുവൈറ്റ് എംബസി പ്രസ്താവിച്ചു.
കുവൈറ്റ് വംശജ ഇന്ത്യാക്കാരനുമായി ഒളിച്ചോടിയ സംഭവത്തെ മാദ്ധ്യമങ്ങള്‍ വല്ലാതെ ഊതിപ്പെരുപ്പിക്കുകയാണെന്ന് കുവൈറ്റ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഖാലിദ് അല്‍ റസ്നി ആരോപിച്ചു. അവള്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ്. ആരോടൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാന്‍ അവള്‍ക്ക് അവകാശമുണ്ടെന്ന് ഖാലിദ് പറഞ്ഞു. ആവശ്യമുണ്ടെങ്കില്‍ അവളെ സഹായിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എംബസി അറിയിച്ചു.
കുവൈറ്റില്‍ തങ്ങളുടെ ഡ്രൈവറായിരുന്ന ആന്ധ്രാ സ്വദേശി ഖാദര്‍ ബാഷയോടൊപ്പമാണ് അല്‍ അസ്മി ഒളിച്ചോടിയത്. ഇന്ത്യയില്‍ വന്ന പെണ്‍കുട്ടിയെ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച കുറ്റത്തിന് പൊലീസ് അറസ്റു ചെയ്തു. തുടര്‍ന്ന് രാഷ്ട്രീയ നേതൃത്വം ഇടപെട്ടാണ് ജാമ്യം നേടിക്കൊടുത്തതും വിവാഹം നടത്തിക്കൊടുത്തതും. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു സഹായിക്കാന്‍ മുന്നില്‍ നിന്നത്.
കുവൈറ്റില്‍ കുറ്റവാളികളുടെ തലവെട്ടലും അവരെ കല്ലെറിഞ്ഞു കൊല്ലലും നിലനില്‍ക്കുന്നെന്ന ആരോപണം എംബസി നിഷേധിച്ചു. ഇന്ത്യാക്കാരടക്കമുളളവരെ കുവൈറ്റ് പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാറുണ്ട്. അവരെയൊന്നും തലവെട്ടുകയോ കല്ലെറിഞ്ഞു കൊല്ലുകയോ ചെയ്യാറില്ലെന്ന് ഖാലിദ് അറിയിച്ചു.
ഇഷ്ടമുളളവരെ വിവാഹം കഴിക്കാനുളള സ്വാതന്ത്യ്രം നല്‍കിയിട്ടുളള സമൂഹമാണ് കുവൈറ്റിലുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications