ആരോഗ്യം: സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നില്ല
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ നില മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ, പൊതു മേഖലകളുടെ സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയല്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ബഹുഭൂരിപക്ഷത്തിന്റെയും സ്ഥിതി ദയനീയമാണ്. എന്നാല്‍ സര്‍ക്കാരിന് ഫണ്ട് ചെലവഴിക്കുന്നതില്‍ ഇന്നത്തെ സാഹചര്യത്തില്‍ പരിമിതികളുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതു-സ്വകാര്യ മേഖലകള്‍ മുന്നോട്ടുവരണം-ആന്റണി പറഞ്ഞു.
ഏപ്രില്‍ എട്ട് തിങ്കളാഴ്ച എറണാകുളം സര്‍ക്കാര്‍ ആശുപത്രിയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിന് തറക്കല്ലിട്ടതിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
500 കോടി ലോകബാങ്ക് സഹായത്തോടെ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന ലഭിക്കുന്ന ഒരു ആരോഗ്യപദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മെയ് മാസത്തോടെ ഈ പദ്ധതി സമര്‍പ്പിക്കും. മെഡിക്കല്‍ കോളജുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു പദ്ധതിയ്ക്കും സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിശോധനാ ഫീസില്‍ നിന്നും ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരെ ഒഴിവാക്കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച വിവാദം അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications