വിദേശ ഫ്ലൂറസന്റ് ലാമ്പുകള്‍: കുറഞ്ഞ വില, കുറഞ്ഞ മേന്മ
കൊച്ചി: വിദേശത്തു നിന്നെത്തുന്ന കോംപാക്ട് ഫ്ലൂറസന്റ് ലാമ്പുകള്‍ കുറഞ്ഞ വിലയുടെ പേരില്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നു. അവകാശപ്പെടുന്ന മേന്മയൊന്നുമില്ലാത്ത ഈ ലാമ്പുകള്‍ സാമ്പത്തിക ഉദാരവത്കരണത്തിന്റെ മറവില്‍ ഇന്ത്യന്‍ വിപണിയിലെത്തി വിറ്റഴിക്കപ്പെടുകയാണ്.
വിദേശത്തു നിന്നെത്തുന്ന മിക്ക കോംപാക്ട് ഫ്ലൂറസന്റ് ലാമ്പുകളും അവ ലേബലില്‍ അവകാശപ്പെടുന്ന ഗുണമേന്മയുടെ ചെറിയൊരംശം പോലുമില്ലാത്തവയാണ്. ഇന്ത്യന്‍ ഉത്പന്നങ്ങളേക്കാള്‍ വില കുറച്ച് മേന്മ കുറഞ്ഞ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയാണ് കോംപാക്ട് ഫ്ലൂറസന്റ് ലാമ്പ് കമ്പനികള്‍.
കോംപാക്ട് ഫ്ലൂറസന്റ് ലാമ്പുകളുടെ ഗുണനിലവാരത്തെ പറ്റി മാനദണ്ഡങ്ങളൊന്നും ഇന്ത്യയില്‍ നിലവില്ലാത്തത് ഇത്തരം ലാമ്പുകള്‍ക്ക് എളുപ്പത്തില്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ സഹായിക്കുന്നു.
അഹമ്മദാബാദിലെ കണ്‍സ്യൂമര്‍ റിസര്‍ച്ച് സൊസൈറ്റിയുടെ ടെസ്റിഗ് ലബോറട്ടറിയില്‍ വിദേശ നിര്‍മിതമായ 23 കോംപാക്ട് ഫ്ലൂറസന്റ് ലാമ്പുകളുടെ ഗുണനിലവാരം പരിശോധിച്ചപ്പോള്‍ ഇവയൊന്നും തന്നെ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്നാണ് കണ്ടെത്തിയത്. ലേബലിലെ അവകാശ വാദങ്ങളൊന്നും ഇവ പാലിക്കുന്നുമില്ല.
കോംപാക്ട് ഫ്ലൂറസന്റ് ലാമ്പുകള്‍ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് കൂടുതല്‍ വെളിച്ചം നല്‍കുമ്പോഴാണ് അവ മികച്ചതെന്ന് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ പരിശോധനയില്‍ നാല് ബ്രാന്റുകള്‍ മാത്രമാണ് ഇക്കാര്യത്തിലുള്ള അന്തര്‍ദേശീയ മാനദണ്ഡം പാലിക്കുന്നത്.
ഈ ബ്രാന്റുകളില്‍ മിക്കവയിലും ഉത്പാദകരുടെയോ വിതരണക്കാരുടെയോ രാജ്യത്തിന്റെയോ പേര് ലേബല്‍ ചെയ്തിരുന്നില്ല. ഇത്തരം കോംപാക്ട് ഫ്ലൂറസന്റ് ലാമ്പുകള്‍വില്‍ക്കുമ്പോള്‍ കച്ചവടക്കാര്‍ ബില്‍ നല്‍കാറുമില്ല.
പക്ഷേ കുറഞ്ഞ വില ഇത്തരം ലാമ്പുകള്‍ വാങ്ങുന്നതിന് ഉപഭോക്താവിനെ പ്രലോഭിപ്പിക്കുന്നുവെന്നതാണ് വസ്തുത. ഇന്ത്യന്‍ നിര്‍മിതമായ ലാമ്പുകള്‍ക്ക് 150 മുതല്‍ 700 വരെയാണ് വിലയെങ്കില്‍ വിദേശ നിര്‍മിതമെന്ന് പറയപ്പെടുന്ന ലാമ്പുകള്‍ക്ക് 25 മുതല്‍ 250 വരെ മാത്രമാണ് വില.












Click it and Unblock the Notifications