ഗള്‍ഫിലേക്കുള്ള വിമാനക്കൂലി കൂട്ടി
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനക്കൂലി എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ കുത്തനെക്കൂട്ടി. ഇരുപത്തഞ്ച് ശതമാനം മുതല്‍ നൂറ് ശതമാനം വരെയാണ് വര്‍ധന.
തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് 7000 മുതല്‍ 7500 വരെയായിരുന്ന നിരക്ക് ഉയര്‍ത്തി 11400 രൂപയാക്കി. യാത്രാക്കൂലിയിലുള്ള ഈ അമിതമായ വര്‍ധനവ് യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.
എയര്‍ ഇന്ത്യയില്‍ എക്കണോമി ക്ലാസില്‍ മൂന്ന് നിരക്കിലുള്ള ടിക്കറ്റുകളാണുള്ളത്. തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് 11,400, 12,900, 18,450 എന്നിങ്ങനെ മൂന്ന് നിരക്കുകളുള്ള വിവരം പലപ്പോഴും യാത്രക്കാര്‍ അറിയുന്നില്ല. തൊട്ടടുത്തിരിക്കുന്ന യാത്രക്കാര്‍ തന്നെ വ്യത്യസ്തമായ യാത്രാക്കൂലി നല്‍കിയാണ് യാത്ര ചെയ്യുന്നത്.
തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് 13,450, 15,600, 21,460 കുവൈത്തിലേക്ക് 13010, 15300, 17,800 റിയാദിലേക്ക് 13010, 15300, 17800, ജിദ്ദയിലേക്ക് 21735, 23000, 24415, മസ്കറ്റിലേക്ക് 9860, 11000 എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.
എയര്‍ ഇന്ത്യ മാത്രമാണ് എക്കണോമി ക്ലാസില്‍ ഇങ്ങനെ വിവിധ നിരക്കുകള്‍ ഈടാക്കുന്നത്. അതേ സമയം ഇന്ത്യന്‍ എയര്‍ലൈന്‍സ് യാത്രാക്കൂലി കൂട്ടിയിട്ടില്ല.












Click it and Unblock the Notifications